കണ്ണൂർ: കണ്ണൂരിൽ ലോട്ടറിയടിച്ചതിൻ്റെ സന്തോഷത്തിൽ
സുഹൃത്തുക്കൾക്ക് പാർട്ടി നൽകിയ യുവാവ് തലക്കടിയേറ്റ് ഗുരുതരാവസ്ഥയിൽ. കായലോട് കുണ്ടല്‍കുളങ്ങര സ്വദേശി കെ ശ്രീജേഷിനാണ് പരിക്കേറ്റത്.
ഗുരുതരമായി പരിക്കേറ്റ 42കാരൻ കോഴിക്കോട് മെഡിക്കല്‍ കോളജിൽ ചികിത്സയിൽ കഴിയുകയാണ്. ഡിസംബർ 27ന് ആയിരുന്നു സംഭവം. ലോട്ടറിയടിച്ചതിന്റെ സന്തോഷത്തില്‍ സുഹൃത്തുക്കളെ കാണണം എന്നും പാർട്ടി നൽകണമെന്നും പറഞ്ഞാണ്
മകൻ വീട്ടിൽ നിന്ന് പോയതെന്ന് കുടുംബം പറയുന്നു.
എന്നാൽ രണ്ട് ദിവസം കഴിഞ്ഞിട്ടും മകൻ
തിരിച്ചുവന്നില്ലെന്നും മകനെ കാണാതായതോടെ അന്വേഷിച്ചെങ്കിൽ വിവരമൊന്നും ലഭിച്ചില്ലെന്നും കൂട്ടുകാരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ആരും ഫോൺ എടുത്തില്ലെന്നും കുടുംബം പറയുന്നു.
അയൽവാസികളാണ് മകന് അപകടം സംഭവിച്ചുവെന്ന് അറിയിച്ചതെന്നും കുടുംബം പറയുന്നു. സംഭവത്തിൽ പോലീസിൽ പരാതി നൽകി രണ്ടാഴ്ച കഴിഞ്ഞിട്ടും കേസെടുക്കാന്‍ ഇതുവരെ പൊലീസ് തയ്യാറായിട്ടില്ലെന്നും കുടുംബം ആരോപിച്ചു.
അതേസമയം, ഗുരുതരമായി പരിക്കേറ്റ് കിടന്ന ശ്രീജേഷിനെ രണ്ട് സുഹൃത്തുക്കളാണ് പിണറായി സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചതെന്നും സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചില്ലെന്നുമാണ് പൊലീസിന്റെ വിശദീകരണം.
ശ്രീജേഷിൻ്റെ ചലനശേഷിയും സംസാരശേഷിയും ഭാഗികമായി നഷ്ടപ്പെട്ടിരുന്നു. അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.
Discussion about this post