ചെന്നൈ: വീട്ടിൽ വച്ച് പ്രസവിച്ച 31കാരിയും നവജാത ശിശുവും മരിച്ചു. തമിഴ്നാട്ടിലെ റാണിപേട്ട് ജില്ലയിലാണ്
സംഭവം. ടി ജ്യോതി എന്ന യുവതിയും ചോരക്കുഞ്ഞുമാണ് മരിച്ചത്.
യുവതിയുടെ നാലാമത്തെ പ്രസവമായിരുന്നു ഇത്. യുവതിയുടെ അമ്മയുടെ വീട്ടിൽ വച്ചാണ് പ്രസവമെടുത്തത്. ഈ വീട്ടിൽ വെച്ചായിരുന്നു യുവതി തന്‍റെ മൂന്നാമത്തെ കുഞ്ഞിനെയും പ്രസവിച്ചത്.
വ്യാഴാഴ്ച പുലർച്ചെയായിരുന്നു ജ്യോതിക്ക് പ്രസവ വേദന അനുഭവപ്പെട്ടത്. അമിതമായ രക്തസ്രാവമുണ്ടായിട്ടും ബന്ധുക്കൾ ആരും ആശുപത്രിയിൽ എത്തിച്ചിരുന്നില്ല.
ജ്യോതിയുടെ അമ്മ വല്ലി പൊക്കിൾക്കൊടി മുറിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രക്തസ്രാവമുണ്ടായത്. ഒടുവിൽ വീട്ടിൽത്തന്നെ പ്രസവിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുഞ്ഞ് ഉടൻ മരിച്ചു.
ജ്യോതിക്ക് ബോധം നഷ്ടപ്പെട്ടു. തുടർന്ന് സഹോദരൻ ജ്യോതിയെ ആർക്കോട് സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു.
സംഭവത്തെ തുടർന്ന് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. യുവതിയുടെയും കുഞ്ഞിന്‍റെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി വെല്ലൂർ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ചു.
Discussion about this post