നിറത്തിന്റെ പേരിലുള്ള ഭര്‍ത്താവിന്റെ കുറ്റപ്പെടുത്തലുകള്‍ സഹിക്കാനാവാതെ ജീവനൊടുക്കി, 19കാരിയുടെ മൃതദേഹം ഖബറടക്കി

മലപ്പുറം: മലപ്പുറത്ത് ഭര്‍ത്താവ് നിറത്തിന്റെ പേരില്‍ അവഹേളിക്കുന്നത് സഹിക്കാനാവാതെ ജീവനൊടുക്കിയ ഷഹാന മുംതാസിന്റെ മൃതദേഹം ഖബറടക്കി.

കൊണ്ടോട്ടി പഴയങ്ങാടി ജുമാമസ്ജിദ് ഖബര്‍സ്ഥാനിലായിരുന്നു ഖബറടക്കം. ഷഹാന ബുധനാഴ്ച്ച രാവിലെ പത്ത് മണിയോടെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഭര്‍ത്താവ് മൊറയൂര്‍ സ്വദേശി അബ്ദുല്‍ വാഹിദിന്റെയും വീട്ടുകാരുടേയും മാനസിക പീഡനം മൂലമാണ് പെണ്‍കുട്ടി മരിച്ചതെന്ന പരാതിയുമായി കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു.

2024 മെയ് 27 നായിരുന്നു അബ്ദുല്‍ വാഹിദിന്റെയും ഷഹാനയുടേയും വിവാഹം. വിവാഹം കഴിഞ്ഞ് വിദേശത്തേക്ക് പോയ ശേഷമാണ് ഭര്‍ത്താവ് അബ്ദുല്‍ വാഹിദ് നിറത്തിന്റെ പേരില്‍ നിരന്തരം പെണ്‍കുട്ടിയെ മാനസികമായി ഉപദ്രവിച്ചതെന്നാണ് കുടുംബം പരാതിയില്‍ പറയുന്നത്.

പത്തൊമ്പതുകാരിയായ ഷഹാനയ്ക്ക് നിറം കുറവാണെന്ന് പറഞ്ഞായിരുന്നു കുറ്റപ്പെടുത്തല്‍. ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയില്ലെന്ന് പറഞ്ഞും അവഹേളിച്ചു.

ഇതിന്റെ പേരില്‍ വിവാഹ ബന്ധം വേര്‍പ്പെടുത്താനും നിര്‍ബന്ധിച്ചുവെന്നും ഇതോടെ പെണ്‍കുട്ടി മാനസിക പ്രയാസത്തിലായിരുന്നുവെന്നും കുടുംബത്തിന്റെ പരാതിയില്‍ പറയുന്നു.

Exit mobile version