പത്തനംതിട്ട: ഇന്ന് ശബരിമല മകരവിളക്ക്. മകരജ്യോതി ദര്‍ശനത്തിനായി ഭക്തലക്ഷങ്ങള്‍ പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ്. ഇന്ന് ഉച്ചക്ക് 12 മണി വരെ മാത്രമാണ് തീര്‍ത്ഥാടകരെ ശബരിമലയില്‍ പ്രവേശിപ്പിച്ചത്.
അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണ ഘോഷയാത്ര വൈകിട്ട് ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തില്‍ ശരംകുത്തിയില്‍ സ്വീകരിക്കും. ശേഷം ആറരയോടെ അയ്യപ്പന് തിരുവാഭരണം ചാര്‍ത്തി മഹാദീപാരാധന നടക്കും.
ദീപാരാധനയ്ക്ക് ശേഷമാണ് കിഴക്ക് പൊന്നമ്പലമേട്ടില്‍ മകര ജ്യോതി ദൃശ്യമാവുക. മകരജ്യോതി ദര്‍ശിക്കാനായി കഴിഞ്ഞ രണ്ട് ദിവസമായി ദര്‍ശനത്തിന് എത്തിയ തീര്‍ത്ഥാടകര്‍ മലയിറങ്ങാതെ കാത്തിരിപ്പിലാണ്.
മകരവിളക്ക് ദര്‍ശനം സാധ്യമാകുന്ന എല്ലായിടങ്ങളിലും പര്‍ണശാലകള്‍ നിറഞ്ഞു. കനത്ത സുരക്ഷയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ശബരിമലയിലും നിലക്കലിലും, പമ്പയിലും സമീപ പ്രദേശങ്ങളിലുമായി 5000 പോലീസുകാര്‍ സുരക്ഷ ഒരുക്കും.
Discussion about this post