വീണ്ടും ആടിനെ കൊന്നു, കടുവാ ഭീതിയിൽ പുൽപ്പള്ളി, പുറത്തിറങ്ങാൻ ഭയന്ന് നാട്ടുകാർ

കല്‍പ്പറ്റ: വീണ്ടും കടുവാഭീതിയിലായിരിക്കുകയാണ് വയനാട്. ജനവാസമേഖലയിൽ ഇറങ്ങിയ കടുവ വീണ്ടും ആടിനെ കൊന്നു. പുല്‍പ്പള്ളി അമരക്കുനിക്ക് സമീപത്താണ് സംഭവം.

ആടിക്കൊല്ലി ഊട്ടിക്കവല പായിക്കണ്ടത്തില്‍ ബിജുവിന്റെ ആടിനെയാണ് കൊന്നത്. എന്തോ ശബ്ദം കേട്ടാണ് വീട്ടുകാർ പുറത്തേക്ക് ഇറങ്ങിയത്. അപ്പോഴാണ് ആടിനെ ആക്രമിക്കുന്ന കടുവയെ കണ്ടത്.

വീട്ടുകാര്‍ ഒച്ചവെച്ചതിനെത്തുടര്‍ന്ന് ആടിനെ ഉപേക്ഷിച്ച് കടുവ ഓടിപ്പോകുകയായിരുന്നു. ഇതോടെ നാട് ഒന്നടങ്കം കടുവാ ഭീതിയിലായിരിക്കുകയാണ്. നാലോളം വളർത്തുമൃഗങ്ങളെയാണ് കടുവ ആക്രമിച്ചത്.

കഴിഞ്ഞ ദിവസം തൂപ്രയില്‍ ഒരാടിനെ കടുവ കൊന്നിരുന്നു. ജനവാസമേഖലയിലിറങ്ങി ഭീതി പരത്തുന്ന കടുവയെ മയക്കുവെടി വെച്ച് പിടികൂടുമെന്ന് വയനാട് സൗത്ത് ഡിഎഫ്ഒ അജിത് കെ രാമന്‍ അറിയിച്ചു.

അതേസമയം, ഇന്നു തന്നെ കടുവയെ പിടികൂടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കാപ്പിത്തോട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്നും നിരീക്ഷിച്ചു വരികയാണ് എന്നും ഡിഎംഒ അറിയിച്ചു.

Exit mobile version