മറ്റു നടിമാര്‍ക്കെതിരെയും ദ്വയാര്‍ഥ പ്രയോഗങ്ങളും ലൈംഗികാധിക്ഷേപങ്ങളും, ബോബി ചെമ്മണൂരിനെതിരെ കൂടുതൽ അന്വേഷണം നടത്തും

കൊച്ചി: നടി ഹണി റോസ് നൽകിയ ലൈംഗികാധിക്ഷപ പരാതിയിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണൂരിനെതിരെ കൂടുതല്‍ അന്വേഷണത്തിന് പൊലീസ്.

ബോബി സമാനമായ വിധത്തില്‍ മറ്റുള്ളവര്‍ക്കെതിരെ അധിക്ഷേപവും ദ്വയാര്‍ഥ പ്രയോഗങ്ങളും നടത്തിയിട്ടുണ്ടെന്ന പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് കൂടുതൽ അന്വേഷണം നടത്തുന്നത്.

ബോബി ചെമ്മണ്ണൂരിൻ്റെയും അദ്ദേഹം ഉള്‍പ്പെട്ട മറ്റ് പരിപാടികളുടെയും വിഡിയോ ദൃശ്യങ്ങളും സമൂഹമാധ്യമ അക്കൗണ്ടുകളും പൊലീസ് പരിശോധിക്കും. കൂടാതെ ഹണി റോസിന്റെ മൊഴി രേഖപ്പെടുത്താനും ആലോചനയുണ്ട്.

ഇതിന്റെ അടിസ്ഥാനത്തില്‍ ബോബിക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്ന കാര്യവും പരിഗണിക്കും.
ഹണി റോസിനു പുറമെ ബോബി ചെമ്മണൂര്‍ മറ്റു നടിമാര്‍ക്കെതിരെയും യൂട്യൂബ് ചാനല്‍ പരിപാടി നടത്തുന്നവര്‍ക്കെതിരെയും ദ്വയാര്‍ഥ പ്രയോഗങ്ങളും ലൈംഗികാധിക്ഷേപങ്ങളും നടത്തിയിട്ടുണ്ടെന്ന പരാതികള്‍ നേരത്തെ തന്നെ ഉയര്‍ന്നിട്ടുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിലും പരിശോധന നടത്തും.

Exit mobile version