കണ്ണൂര്‍: ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ റിജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ഒമ്പതു പ്രതികളെയാണ് കോടതി ശിക്ഷിച്ചത്.
ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകരെയാണ് കോടതി ശിക്ഷിച്ചത്. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി (3) ആണ് ശിക്ഷ വിധിച്ചത്. എല്ലാ പ്രതികള്‍ക്കും 307 വകുപ്പ് പ്രകാരം 10 വര്‍ഷം കഠിന തടവും വിധിച്ചിട്ടുണ്ട്.
കണ്ണൂര്‍ കണ്ണപുരം ചുണ്ട സ്വദേശികളായ വയക്കോടന്‍വീട്ടില്‍ സുധാകരന്‍ (57), കൊത്തില താഴെവീട്ടില്‍ ജയേഷ് (41), ചാങ്കുളത്തുപറമ്പില്‍ രഞ്ജിത്ത് (44), പുതിയപുരയില്‍ അജീന്ദ്രന്‍ (51), ഇല്ലിക്കവളപ്പില്‍ അനില്‍കുമാര്‍ (52), പുതിയപുരയില്‍ രാജേഷ് (46), കണ്ണപുരം ഇടക്കേപ്പുറം സ്വദേശികളായ വടക്കേവീട്ടില്‍ ശ്രീകാന്ത് (47), സഹോദരന്‍ ശ്രീജിത്ത് (43), തെക്കേവീട്ടില്‍ ഭാസ്‌കരന്‍ (67) എന്നിവരെയാണ് ശിക്ഷിച്ചത്.
2005 ഒക്ടോബര്‍ മൂന്നിനാണ് റിജിത്ത് കൊല്ലപ്പെട്ടത്. നീണ്ട 19 വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് കേസില്‍ ഇപ്പോള്‍ വിധി പ്രസ്താവം വന്നിരിക്കുന്നത്.