ഏഴര മണിക്കൂറോളം ചോദ്യം ചെയ്യല്‍, മൃദംഗ വിഷന്‍ ഉടമ എം നികോഷ് കുമാര്‍ അറസ്റ്റില്‍

nikosh kumar|bignewslive

കൊച്ചി: മൃദംഗ വിഷന്‍ ഉടമ എം നികോഷ് കുമാര്‍ അറസ്റ്റില്‍. കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തിലെ നൃത്ത പരിപാടിയ്ക്കിടെ വേദിയില്‍ നിന്ന് വീണ് എംഎല്‍എ ഉമാ തോമസിന് പരിക്കേറ്റ സംഭവത്തിലാണ് നികോഷ് കുമാര്‍ അറസ്റ്റിലായിരിക്കുന്നത്.

നികോഷ് കുമാറിനെ ഏഴര മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. പരിപാടിയുടെ സംഘാടകരായ മൃദംഗ വിഷന്‍, ഓസ്‌കാര്‍ ഇവന്റ്സ് ഉടമകളോട് കീഴടങ്ങാന്‍ ഹൈക്കോടതി നേരത്ത നിര്‍ദേശിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ നികോഷ് കുമാര്‍ കീഴടങ്ങുകയായിരുന്നു.മൃദംഗ വിഷന്‍ എംഡി എം നികോഷ് കുമാര്‍, സിഇഒ ഷമീര്‍, പൂര്‍ണിമ, നികോഷ് കുമാറിന്റെ ഭാര്യ എന്നിവര്‍ക്കെതിരെ പൊലീസ് വിശ്വാസ വഞ്ചനാക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.

മരണം വരെ സംഭവിക്കാവുന്ന വീഴ്ച വരുത്തിയതിനാണ് മൃദംഗ വിഷന്‍ സിഇഒ ഷമീര്‍, പന്തല്‍ നിര്‍മാണ ജോലികള്‍ ചെയ്ത മുളന്തുരുത്തി സ്വദേശി ബെന്നി, ഏകോപനം നടത്തിയ കൃഷ്ണകുമാര്‍ എന്നിവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയത്.

അതേസമയം കേസില്‍ ആവശ്യമെങ്കില്‍ ദിവ്യ ഉണ്ണിയേയും മൊഴിയെടുക്കാനായി വിളിപ്പിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ വ്യക്തമാക്കി.

Exit mobile version