കൊച്ചി:കൊച്ചി കലൂർ സ്റ്റേഡിയത്തിൽ ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ നടന്ന നൃത്ത പരിപാടി വൻവിവാദമായിരിക്കുകയാണ്. ഇപ്പോഴിതാ കലൂർ സ്റ്റേഡിയത്തിൽ പരിശോധന നടത്തുമെന്ന് അറിയിച്ചിരിക്കുകയാണ് ജിസിഡിഎയും കേരള ബ്ലാസ്റ്റേഴ്സ് ടീം അധികൃതരും.
മൈതാനത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും കേടുപാടുകൾ ഉണ്ടെന്ന് കണ്ടെത്തിയാൽ മൃദംഗ വിഷനിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്നും ജിസിഡിഎ കൂട്ടിച്ചേർത്തു.
മൈതാനത്തെ പുല്‍ത്തകിടിയില്‍ ദിവ്യ ഉണ്ണിയുടെ കാരവന് കയറ്റുകയും ടച്ച് ലൈന്‍ വരെ 12000ത്തോളം നര്‍ത്തകിമാര്‍ നിരന്നു നില്‍ക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇതിന് അനുമതി ഉണ്ടായിരുന്നില്ലെന്ന് ജിസിഡിഎ പറഞ്ഞു.
കൂടാതെ ദിവ്യ ഉണ്ണി നൃത്തം ചെയ്തത് മൈതാന മധ്യത്തിലാണ്. ഇതെല്ലാം ഗ്രൗണ്ടിന് കേടുപാടുകളുണ്ടാക്കിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു.
ജിസിഡിഎയുടെ എഞ്ചിനീയര്‍മാരും ബ്ലാസ്റ്റേഴ്സ് അധികൃതരും സംയുക്തമായാണ് പരിശോധന നടത്തുക. ബ്ലാസ്റ്റേഴ്സുമായി ഇക്കാര്യത്തില്‍ ബന്ധപ്പെട്ടിരുന്നുവെന്നും ജിസിഡിഎ അറിയിച്ചു.
Discussion about this post