തൃശ്ശൂര്‍: ജില്ലയിലെ കൊറ്റില്ലങ്ങള്‍ വികസിക്കുന്നുവെന്ന് പഠനം. നീര്‍കാക്കകളും കൊക്കുകളും കൂട്ടത്തോടെ വസിക്കുന്ന മരങ്ങളാണ് കൊറ്റില്ലങ്ങള്‍. കഴിഞ്ഞ വര്‍ഷം 2815 കൂടുണ്ടായിരുന്ന സ്ഥലത്ത് ഈ വര്‍ഷം കണ്ടെത്തിയത് 4787 കൂടുകളാണ്.
വനഗവേഷണകേന്ദ്രത്തിലെ ഗവേഷകരായ ഗ്രീഷ്മ പാലേരി, പി റിജു എന്നിവര്‍ നടത്തിയ പഠനത്തിലാണ് ഇതു വെളിപ്പെട്ടത്. തൃശ്ശൂര്‍, കല്ലേറ്റുംകര, വടക്കാഞ്ചേരി റെയില്‍വേ സ്റ്റേഷനുകള്‍, തൃശ്ശൂര്‍ കളക്ടറേറ്റ്, ശക്തന്‍ സ്റ്റാന്‍ഡ്, അയനിക്കാട് തുരുത്ത്, ഒളരി ബസ് സ്റ്റാന്‍ഡ്, ചൂണ്ടല്‍, ഗുരുവായൂര്‍ എന്നിവിടങ്ങളിലെ കൊറ്റില്ലങ്ങളിലാണ് ഇവര്‍ പഠനം നടത്തിയത്. ഈ പക്ഷിവൈവിധ്യത്തെ സംരക്ഷിക്കാനുള്ള നടപടി വേണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
2016ല്‍ 119 മരങ്ങളിലായി 2651 കൂടുകളാണുണ്ടായിരുന്നത്. 2017ല്‍ 114 മരങ്ങളിലായി 2815 കൂടുകള്‍ ഇവര്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഈ വര്‍ഷവും കണക്കെടുപ്പ് നടത്തിയത്. ചേരക്കോഴി, ചെറിയ നീര്‍കാക്ക, കിന്നരിനീര്‍കാക്ക, കുളക്കൊക്ക്, പാതിരാകൊക്ക്, പെരുമുണ്ടി, ചെറുമുണ്ടി, ചിന്നമുണ്ടി തുടങ്ങിയ പക്ഷികളെയാണ് കൊറ്റില്ലങ്ങളില്‍ ഇവര്‍ കണ്ടെത്തിയത്.
ഇത്തരം പക്ഷികള്‍ കൂടുവെയ്ക്കാന്‍ തിരഞ്ഞെടുക്കുന്നത് മനുഷ്യവാസമുള്ള ഇടങ്ങള്‍ മാത്രമാണ്. ഇതുകൊണ്ടുള്ള ബുദ്ധിമുട്ടുകളും സമീപവാസികള്‍ അനുഭവിക്കാറുണ്ട്. പക്ഷികള്‍ കൂടുവെച്ചശേഷം ഇത്തരം മരങ്ങള്‍ മുറിക്കുന്ന പ്രവണതയുണ്ടെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
വംശനാശം സംഭവിക്കുന്ന ഇനങ്ങളാണ് ചേരക്കോഴി പോലുള്ളവ. ഇതിനാല്‍ കൊറ്റില്ലങ്ങള്‍ക്ക് സംരക്ഷിത മേഖലകള്‍ ഉണ്ടാക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ചേരക്കോഴികളുടെ പ്രജനനം നടക്കുന്ന തൃശ്ശൂര്‍, കല്ലേറ്റുംകര റെയില്‍വെ സ്റ്റേഷന്‍ പരിസരങ്ങളിലാണ് ഇത് പെട്ടെന്ന് നടപ്പാക്കേണ്ടതെന്നും ഇവര്‍ സൂചിപ്പിച്ചു.
Discussion about this post