ശബരിമലയിൽ വൻഭക്തജനത്തിരക്ക്, നടതുറന്ന് 12 ദിവസത്തിനുള്ളില്‍ എത്തിയത് 10 ലക്ഷത്തിലധികം പേർ, വരുമാനം 63കോടി

പത്തനംതിട്ട: ശബരിമലയില്‍ ഭക്തരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വൃശ്ചികം ഒന്നിനു നട തുറന്ന് 12 ദിവസത്തിനുള്ളില്‍ 54 ശതമാനം അധികമാണ് ഇത്തവണ ശബരിമലയിൽ എത്തിയ ഭക്തർ.

ഇത്തവണ 12 ദിവസത്തിനുള്ളില്‍ 10 ലക്ഷത്തിലധികം ഭക്തര്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയിട്ടുണ്ട്. 87,999 തീര്‍ഥാടകരെത്തിയ വ്യാഴാഴ്ചയാണ് ഏറ്റവും കൂടുതല്‍ തിരക്കനുഭവപ്പെട്ടത്.

ശബരിമലയിൽ ഭക്തരുടെ എണ്ണം വർധിച്ചത് ദേവസ്വത്തിന്‍റെ വരുമാനത്തിലും വര്‍ധനവുണ്ടാക്കി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 3.5 ലക്ഷത്തിലധികം തീര്‍ഥാടകര്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയെന്നും 63 കോടിയിലധികം വരുമാനം ലഭിച്ചെന്നും ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു.

15.89 കോടിയിലധികം വരുമാനമാണുണ്ടായത്. അരവണ വില്‍പ്പനയില്‍ മാത്രം 28 കോടി ലഭിച്ചു. മുന്‍ വര്‍ഷത്തേക്കാള്‍ 9.5 കോടിയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

3.5 ലക്ഷം അപ്പവും വിറ്റു. ഇതിൽ നിന്നും 39 ലക്ഷം രൂപ ലഭിച്ചു. കഴിഞ്ഞ വര്‍ഷം 19.4 കോടി രൂപയാണ് അരവണ വില്‍പ്പനയില്‍ ലഭിച്ചത്. ഇത്തവണ 12 ദിവസം കൊണ്ട് 28.93 കോടി രൂപയാണ് നേടിയത്. 9.53 കോടിയുടെ വര്‍ധനവാണുണ്ടായിരിക്കുന്നത്.

Exit mobile version