ആലപ്പാട് സമരം ചെയ്യുന്നത് മലപ്പുറത്തുകാരല്ല, സമരത്തെ അപമാനിച്ച ഇപി ജയരാജന്‍ മാപ്പു പറയണം; രമേശ് ചെന്നിത്തല

ആലപ്പാട് കരിമണല്‍ ഖനനത്തിനെതിരെ നടക്കുന്ന സമരത്തിന് പിന്നില്‍ മലപ്പുറത്ത് നിന്നുള്ളവരാണെന്ന് കഴിഞ്ഞ ദിവസം മന്ത്രി മന്ത്രി ഇപി ജയരാജന്‍ പറഞ്ഞിരുന്നു

ആലപ്പുഴ: ആലപ്പാട് കരിമണല്‍ ഖനനത്തിനെതിരെ സമരം ചെയ്യുന്നവരെ അപമാനിച്ച മന്ത്രി ഇപി ജയരാജന്‍ മാപ്പു പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആലപ്പാട് സമരം ചെയ്യുന്നവര്‍ മലപ്പുറത്തുകാര
ല്ലെന്നും നാട്ടുകാരാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ആലപ്പാട് നടക്കുന്ന ജനകീയ സമരം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആലപ്പാട് സമരം ന്യായമാണെന്നും സമരക്കാരെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.

ആലപ്പാട് കരിമണല്‍ ഖനനത്തിനെതിരെ നടക്കുന്ന സമരത്തിന് പിന്നില്‍ മലപ്പുറത്ത് നിന്നുള്ളവരാണെന്ന് കഴിഞ്ഞ ദിവസം മന്ത്രി മന്ത്രി ഇപി ജയരാജന്‍ പറഞ്ഞിരുന്നു. ആലപ്പാടിനെ തകര്‍ത്തത് ഖനനമല്ല സൂനാമിയാണെന്നും, ഖനനം നിയമപരമാണെന്നും നിര്‍ത്തിവയ്ക്കില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. ഖനനം നിയമപരമാണെന്നു കാട്ടി പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയര്‍ എര്‍ത്സ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും കെഎംഎംഎല്‍ എംഡി ഇതു സംബന്ധിച്ച് അന്വേഷണം നടത്തിയെന്നും ജയരാജന്‍ പറഞ്ഞിരുന്നു.

രാവിലെയാണ് സമരഭൂമിയായ ആലപ്പാട് സന്ദര്‍ശിക്കാനായി പ്രതിപക്ഷനേതാവ് എത്തിയത്. ഐആര്‍ഇഎല്‍ നടത്തുന്ന ഖനനവും പ്രതിപക്ഷ നേതാവ് വിലയിരുത്തി. തുടര്‍ന്ന് സേവ് ആലപ്പാട് സമര പന്തല്‍ സന്ദര്‍ശിച്ചു. ഐ ആര്‍ ഇ എല്‍ നടത്തുന്ന സീ വാഷിംഗ് ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്ക്കണമെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. അതേ സമയം ജനുവരി 16ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേരുന്നുണ്ട്. എന്നാല്‍ യോഗത്തിലേക്ക് സമരസമിതി പ്രതിനിധികളെ ആരെയും ക്ഷണിച്ചിട്ടില്ല.

Exit mobile version