പത്തനംതിട്ട: കണ്ണൂര്‍ കളക്ടറുടെ അനുശോചന വാക്കുകള്‍ ആവശ്യമില്ലെന്ന് നവീന്‍ ബാബുവിന്റെ കുടുംബം. സബ് കളക്ടറുടെ കൈവശം കവറില്‍ കൊടുത്തുവിട്ട കത്തില്‍ പറയുന്ന കാര്യങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ പറഞ്ഞതായാണ് വിവരം.
നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ കത്തില്‍ അതൃപ്തയാണ്. കത്തില്‍ വിഷയങ്ങളൊന്നും സൂചിപ്പിച്ചിട്ടില്ല. കളക്ടറുടെ വ്യക്തിപരമായ അനുഭവങ്ങള്‍ സൂചിപ്പിച്ചു എന്നല്ലാതെ മറ്റൊന്നുമില്ല. കത്തിനെ ഗൗരവമായി കാണുന്നില്ല കാണുന്നില്ലെന്നും ഭാര്യ അറിയിച്ചു.
ജീവനൊടുക്കിയ എഡിഎം നവീന്‍ ബാബുവിന്റെ കുടുംബത്തിന് അനുശോചനം അറിയിച്ചാണ് കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയന്‍ കത്ത് അയച്ചത്. പത്തനംതിട്ട സബ് കളക്ടര്‍ നേരിട്ടെത്തിയാണ് കത്ത് നവീന്‍ ബാബുവിന്റെ കുടുംബത്തിന് കൈമാറിയത്. കാര്യക്ഷമതയോടെയും സഹാനുഭൂതിയോടുകൂടിയും തന്റെ ഉത്തരവാദിത്തം നിര്‍വഹിച്ചയാളാണ് നവീന്‍ ബാബുവെന്നും നികത്താനാകാത്ത നഷ്ടമാണുണ്ടായതെന്നും കത്തില്‍ കളക്ടര്‍ അനുസ്മരിക്കുന്നു.
8 മാസമായി എന്റെ തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചയാളായിരുന്നു നവീന്‍ ബാബു. സംഭവിക്കാന്‍ പാടില്ലാത്ത, നികത്താന്‍ കഴിയാത്ത നഷ്ടമാണ് ഉണ്ടായത്. നിങ്ങളെ കാണുമ്പോള്‍ എന്ത് പറയണമെന്നോ എങ്ങനെ ആശ്വസിപ്പിക്കണമെന്നോ അറിയില്ല. കാര്യക്ഷമതയോടെയും സഹാനുഭൂതിയോടുകൂടിയും തന്റെ ഉത്തരവാദിത്തം നിര്‍വഹിച്ചയാളാണ് നവീന്‍. ഏത് കാര്യവും വിശ്വസിച്ച് ഏല്‍പ്പിക്കാവുന്ന പ്രിയ സഹപ്രവര്‍ത്തകര്‍. എന്റെ ചുറ്റും ഇപ്പോള്‍ ഇരുട്ട് മാത്രമാണ്’. വിഷമഘട്ടത്തെ അതിജീവിക്കാന്‍ എല്ലാവര്‍ക്കും കരുത്തുണ്ടാകട്ടേയെന്നും കത്തിലുണ്ട്.