തൃശൂര്‍: ഗുരുവായൂരില്‍ ഇത്തവണ 10,000 പേര്‍ക്ക് പൊന്നോണസദ്യ. കാളന്, ഓലന്‍, പപ്പടം, കൂട്ടുകറി, പഴപ്രഥമന്‍, മോര്, കായവറവ്, ശര്‍ക്കര ഉപ്പേരി, അച്ചാര്‍, പുളിയിഞ്ചി എന്നിവ ഭക്തര്‍ക്കായി വിളമ്പും.
ഗുരുവായൂരില്‍ ഭക്തര്‍ക്കുള്ള തിരുവോണസദ്യ അന്നലക്ഷ്മി ഹാളിലും സമീപത്തുള്ള താത്കാലിക പന്തലിലും നാളെ രാവിലെ ഒന്‍പതിന് തുടങ്ങും.
ഇന്ന് ഉത്രാടം നാളില്‍ കണ്ണന് മുന്നില്‍ കാഴ്ചക്കുലകള്‍ കൊണ്ട് നിറഞ്ഞു. ഇന്ന് രാവിലെ ശീവേലിക്കുശേഷം കൊടിമരച്ചുവട്ടില്‍ ആദ്യത്തെ കാഴ്ചക്കുല ക്ഷേത്രം മേല്‍ശാന്തി പള്ളിശ്ശേരി മധുസൂദനന് നമ്പൂതിരി സമര്‍പ്പിച്ചു.
പിന്നാലെ ദേവസ്വം ചെയര്മാന് വി.കെ. വിജയന്, ഭരണസമിതിയംഗങ്ങള്‍, വിശിഷ്ട വ്യക്തികള്‍ എന്നിവരും നേന്ത്രക്കുലകള്‍ വച്ചു. രാത്രി വരെ കാഴ്ചക്കുലകള്‍ വയ്ക്കാം. തിരുവോണ ദിനത്തില്‍ പുലര്‍ച്ചെ മുതല്‍ കണ്ണന് ഭക്തരുടെ വക ഓണക്കോടി എത്തിത്തുടങ്ങും.
ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന് നമ്പൂതിരിയുടെ വകയാണ് ആദ്യം. സോപാനപ്പടിയില്‍ മല്ലിശ്ശേരി രണ്ടു പുടവ സമര്‍പ്പിക്കും.ശേഷം കണ്ണന്റെ തിരുവോണ ഊട്ട് നടക്കും.
Discussion about this post