മലപ്പുറം: മലപ്പുറത്ത് നിരോധിത പുകയില ഉല്പന്നങ്ങളുടെ വന്‍ ശേഖരവുമായി രണ്ടുപേര്‍ പിടിയില്‍. മഞ്ചേരിയിലാണ് സംഭവം. മണ്ണാര്‍ക്കാട് സ്വദേശികളായ പെരുംപുടാരി നായാടിക്കുന്ന് ചെറിയാറക്കല്‍ ഫിറോസ് (53), കാഞ്ഞിരം കുറ്റിക്കോടന്‍ റിയാസ് (39) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഈര്‍ച്ചപ്പൊടി കച്ചവടത്തിന്റെ മറവിലായിരുന്നു ഇവരുടെ ലഹരി വില്‍പ്പന. വ്യാഴാഴ്ച രാത്രി ഇന്‍സ്പെക്ടര്‍ സുനില്‍ പുളിക്കലിന്റെ നിര്‍ദേശപ്രകാരമാണ് മഞ്ചേരി പുല്ലൂര്‍ അത്താണിക്കല്‍ വെള്ളപ്പാറക്കുന്നിലെ ഗോഡൗണില്‍ പരിശോധന നടത്തിയത്.
പരിശോധനയില്‍ 2,60,000 നിരോധിത പുകയില ഉല്പന്ന പാക്കറ്റുകളാണ് പിടികൂടിയത്. അതിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച ഇരുവരെയും പൊലീസ് തടഞ്ഞുവെക്കുകയായിരുന്നു.
59 ചാക്കുകളിലായി 88,500 ഹാന്‍സ് പാക്കറ്റുകളും മറ്റ് നിരോധിത ലഹരി ഉല്പന്നങ്ങളും കണ്ടെടുത്തു. മൈസൂരുവില്‍ നിന്നാണ് ഇവ കൊണ്ടുവരുന്നതെന്ന് പ്രതികള്‍ മൊഴി നല്കി. ഇവര്‍ സഞ്ചരിച്ചിരുന്ന ലോറിയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Discussion about this post