കൊച്ചി: കൊച്ചിയില്‍ ടെസ്റ്റ് ഡ്രൈവിനിടെ ബെന്‍സ് കാറുകള്‍ കൂട്ടിയിടിച്ച് തകര്‍ന്നു. കോടികള്‍ വില വരുന്ന ആഡംബര വാഹനങ്ങളാണ് തകര്‍ന്നത്. കഴിഞ്ഞ ദിവസം കൊച്ചി വെല്ലിംഗ്ടണ്‍ ദ്വീപില്‍ വെച്ചായിരുന്നു അപകടം.
മെര്‍സിഡസ് ബെന്‍സിന്റെ എംഎംജി എസ്എല്‍55 റോഡ്സ്റ്റര്‍, എംഎംജി ജിടി 63 എസ് ഇ കാറുകളും ഹ്യുണ്ടായി അസെന്റ് കാറുമാണ് കൊച്ചിയില്‍ ടെസ്റ്റ് ഡ്രൈവിനിടെ കൂട്ടിയിടിച്ചത്.
അതേസമയം, അപകടത്തില്‍ ആളപായമില്ല. ഒരു സ്ത്രീ അടക്കം അഞ്ച് പേര്‍ അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. എന്നാല്‍ ഇവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എറണാകുളം സ്വദേശികളായ അശ്വിന്‍, ദീപക്, സച്ചിന്‍, അനഘ, സജിമോന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
അനഘ ഓടിച്ചിരുന്ന എംഎംജി ജിടി 63 എസ് ഇയാണ് അപകടമുണ്ടാക്കിയത്. പരിക്കേറ്റ നാല് പേരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രദേശവാസികളാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
സംഭവത്തില്‍ സജിമോന്റെ പരാതിയില്‍ പൊലീസ് കേസ് എടുത്തിട്ടുണ്ട്. 3.10 കോടി വില വരുന്നതാണ് എംഎംജി എസ്എല്‍55 റോഡ്സ്റ്റര്‍ കഴിഞ്ഞ ജൂണിലാണ് ലോഞ്ച് ചെയ്തത്. കഴിഞ്ഞ ഏപ്രിലില്‍ ലോഞ്ച് ചെയ്ത എംഎംജി ജിടി 63 എസ് ഇക്ക് 4.19 കോടിയാണ് വില.