തിരുവനന്തപുരം: കേരളത്തില്‍ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. വടക്കന്‍ ജില്ലകളിലാണ് ഇന്ന് കൂടുതലും മഴയ്ക്ക് സാധ്യത. ആറു ജില്ലകളില്‍ അതിശക്ത മഴ മുന്നറിയിപ്പുണ്ട്.
കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. അതേസമയം, തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പുകളില്ല.
എന്നാല്‍ ജാഗ്രത തുടരണമെന്ന് കാലാവസ്ഥ വകുപ്പ് നിര്‍ദേശിച്ചു. ണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മധ്യ കേരളതീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നു. വടക്കന്‍ പടിഞ്ഞാറന്‍ ഝാര്‍ഖണ്ഡിന് മുകളിലെ തീവ്ര ന്യൂനമര്‍ദ്ദം തെക്കന്‍ ബീഹാറിനും വടക്ക്- പടിഞ്ഞാറന്‍ ഝാര്‍ഖണ്ഡിന് മുകളില്‍ അതി തീവ്ര ന്യുനമര്‍ദ്ദമായി ശക്തി പ്രാപിച്ചു.
വരുന്ന 48 മണിക്കൂറിനുള്ളില്‍ തെക്ക് പടിഞ്ഞാറന്‍ ബിഹാര്‍, തെക്ക് കിഴക്കന്‍ ഉത്തര്‍പ്രദേശ്, കിഴക്കന്‍ മധ്യ പ്രദേശ്, വഴി സഞ്ചരിക്കാന്‍ സാധ്യത. മറ്റൊരു ന്യൂനമര്‍ദ്ദം തെക്ക് പടിഞ്ഞാറന്‍ രാജസ്ഥാന് മുകളില്‍ രൂപപ്പെട്ടു. ഇതിന്റെ ഫലമായിട്ടാണ് മഴയ്ക്ക് സാധ്യത.