തൃശ്ശൂര്‍: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ കിടപ്പാടം നഷ്ടമായവര്‍ക്ക് വീടു വെക്കാനായി സ്ഥലം നല്കി ദമ്പതികള്‍. റിട്ടയേര്‍ഡ് സ്കൂള്‍ അധ്യാപികയായ ഷാജിമോളും ഭര്‍ത്താവ് ആന്റണിയുമാണ് 10 സെന്റ് സ്ഥലം നല്‍കിയത്.
ഇരുവരും സ്ഥലം നല്‍കാനുള്ള സാക്ഷ്യപത്രം റവന്യു വകുപ്പ് മന്ത്രി കെ. രാജന് കൈമാറി. തൃശ്ശൂര്‍ മാടക്കത്തറ വില്ലേജില്‍ വാരിക്കുളം എന്ന സ്ഥലത്ത് ഷാജിമോളുടെ പേരിലുള്ള 10 സെന്റ് കരഭൂമിയാണ് ദുരിതബാധിതര്‍ക്ക് വീടുവെക്കാനായി നല്‍കുന്നത്.
ഉറ്റവരെയും കിടപ്പാടവും നഷ്ടപ്പെട്ടവര്‍ക്ക് ജീവിതം തിരികെ പിടിക്കാന്‍ ഈ ഭൂമി ഉപകാരപ്പെടട്ടേയെന്ന് ആന്റണിയും ഷാജിമോളും പറയുന്നു.
വേലൂര്‍ ചിറ്റിലപ്പിള്ളി വീട്ടിലാണ് കൃഷിക്കാരനായ ആന്റണിയും ഷാജിമോളും താമസിക്കുന്നത്. എംബിബിഎസിന് പഠിക്കുന്ന ഡോവിഡ്, എം.എസ്.സി അഗ്രിക്കള്‍ച്ചറിനു പഠിക്കുന്ന ജോണ്‍ എന്നിവര്‍ മക്കളാണ്.
Discussion about this post