പാറക്കുളത്തിൽ മുങ്ങിയ കൂട്ടുകാരനെ രക്ഷിക്കാനിറങ്ങി മുങ്ങിപ്പോയി; രണ്ട് കുട്ടികൾക്ക് ദാരുണമരണം; സംഭവം കോട്ടയം തൃക്കൊടിത്താനത്ത്

കോട്ടയം: കോട്ടയം ജില്ലയിലെ ചങ്ങനാശേരി തൃക്കൊടിത്താനത്ത് രണ്ട് കുട്ടികൾ പാറകുളത്തിൽ മുങ്ങി മരിച്ചു. മാടപ്പള്ളി പൊൻപുഴക്കുന്നിൽ താമസിക്കുന്ന ആദർശ്, അഭിനവ് എന്നിവരാണ് മരിച്ചത്. സ്‌കൂൾ വിദ്യാർഥികളായ ഇരുവരും ശനിയാഴ്ച ചെമ്പുംപുറത്ത് പാറക്കുളത്തിൽ മീൻ പിടിക്കുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.

ALSO READ- അറിവില്ലായ്മയെന്ന് സഞ്ജു ടെക്കി; ഒരു ഇളവും നൽകാതെ ആർടിഒ; ലൈസൻസ് ആജീവനാന്തം റദ്ദാക്കി

ചൂണ്ടയിടുന്നതിനിടെയാണ് കുട്ടികൾ കുളത്തിൽവീണത്. ആദ്യം ഒരുകുട്ടി കാൽ വഴുതി കുളത്തിൽ വീഴുകയും രക്ഷിക്കാൻ ശ്രമിക്കവേ രണ്ടാമത്തെ കുട്ടിയും വെള്ളത്തിൽ വീഴുകയായിരുന്നുവെന്നാണ് വിവരം.

വിവരമറിഞ്ഞെത്തിയ ചങ്ങനാശ്ശേരി ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ പാറക്കുളത്തിൽനിന്ന് ഇരുവരെയും പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അഭിനവ് ആറാം ക്ലാസ് വിദ്യാർഥിയാണ്. ആദർശ് പത്താം ക്ലാസിലും.

Exit mobile version