ജോലി കഴിഞ്ഞ് മടങ്ങവെ സ്‌കൂട്ടറിനെ പിന്തുടര്‍ന്നെത്തി, ഇടിച്ചുവീഴ്ത്തിയതിന് പിന്നാലെ ആഭരണങ്ങള്‍ കവര്‍ന്നു, ദമ്പതികള്‍ പിടിയില്‍

theft| bignewslive

ഹരിപ്പാട്: പെണ്‍കുട്ടിയെ ആക്രമിച്ച് ആഭരണങ്ങള്‍ കവര്‍ന്ന ദമ്പതികള്‍ പിടിയില്‍. ആലപ്പുഴ ജില്ലയിലെ ഹരിപ്പാടാണ് സംഭവം. കരുവാറ്റ കൊച്ചു കടത്തശ്ശേരില്‍ പ്രജിത്ത് (37) ഭാര്യ രാജി എന്നിവരാണ് പിടിയിലായത്.

മെയ് 25ന് രാത്രി 7.30ന് മുട്ടം എന്‍ടിപിസി റോഡില്‍ ആയിരുന്നു സംഭവം. സ്വകാര്യ സ്ഥാപനത്തിലെ ജോലികഴിഞ്ഞ് സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയെ പിന്തുടര്‍ന്നെത്തി ഇടിച്ചു വീഴ്ത്തുകയായിരുന്നു.

പിന്നാലെ ആഭരണങ്ങളാണ് കവര്‍ന്നത്. രക്ഷിക്കാന്‍ എന്ന വ്യാജേനെ പ്രതികള്‍ യുവതിയെ പിടിച്ച് എണീപ്പിക്കുകയും മാല പൊട്ടിക്കാന്‍ ശ്രമിക്കുകയും ചെയ്തു.

യുവതി പിന്മാറാന്‍ ശ്രമിക്കുന്നതിനിടെ തള്ളിയിട്ട ശേഷം പാദസരം പൊട്ടിച്ചെടുക്കുകയും പെണ്‍കുട്ടി ഓടാന്‍ ശ്രമിച്ചപ്പോള്‍ വീണ്ടും തള്ളിയിട്ട് കൈചെയിന്‍, മോതിരം എന്നിവ കവരുകയും ചെയ്തു.

അവശയായ പെണ്‍കുട്ടി വീട്ടിലെത്തി. ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം കരിയിലക്കുളങ്ങര പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. പൊലീസ് നടത്തിയ പരിശോധനയില്‍ സ്വര്‍ണാഭരണത്തിന്റെ കുറച്ച് ഭാഗങ്ങള്‍ സംഭവം നടന്ന പ്രദേശത്ത് രണ്ട് സ്ഥലങ്ങളില്‍ നിന്നായി കണ്ടെത്തി.

സംഭവത്തിന് പിന്നാലെ നാടുവിട്ട പ്രതികള്‍ ദിവസങ്ങള്‍ക്ക് ശേഷം പൊലീസ് പിടിക്കില്ല എന്ന് ഉറപ്പിച്ച ശേഷം നാട്ടിലെത്തുകയും ചെയ്തു. എന്നാല്‍ പൊലീസിന്റെ പിടിയിലായി. സ്വകാര്യസ്ഥാപനത്തില്‍ വിറ്റ സ്വര്‍ണാഭരണങ്ങളും കൃത്യത്തിന് ഉപയോഗിച്ച വാഹനവും പൊലീസ് പിടിച്ചെടുത്തു.

Exit mobile version