തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് എത്തിയ ആദ്യ ചരക്ക് കപ്പലിനെ ഇന്ന് സര്‍ക്കാര്‍ ഔദ്യോഗികമായി സ്വീകരിക്കും. വൈകുന്നേരം നാലിന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നടക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. 5000 പേര്‍ക്ക് ഇരിക്കാനാവുന്ന സ്റ്റേജാണ് തയ്യാറാക്കിയത്.
12ന് തുറമുഖത്ത് നങ്കുരമിട്ട ചൈനീസ് ചരക്ക് കപ്പലായ ഷെന്‍ ഹുവ 15നെയാണ് സര്‍വ്വ സന്നാഹവുമായി കേരള സര്‍ക്കാര്‍ വരവേല്‍ക്കുന്നത്. കേന്ദ്ര തുറമുഖമന്ത്രി സര്‍ബാനന്ദ സോനോവാള്‍ മുഖ്യാതിഥിയാകും. തുറമുഖ യാര്‍ഡിലാണ് പൊതുജനങ്ങള്‍ക്കിരിക്കാനുള്ള കൂറ്റന്‍ സ്റ്റേജ് ഒരുക്കിയത്. നിലവില്‍ ബര്‍ത്തിലുള്ള കപ്പലിനെ ഉദ്ഘാടനത്തിന് മുമ്പ് പുലിമുട്ടിനടുത്തേക്ക് മാറ്റും. വിശിഷ്ടാതിഥികള്‍ എത്തുന്നതോടെ വീണ്ടും ബര്‍ത്തിലേക്ക് അടുപ്പിക്കും.
പ്രമുഖ വ്യക്തികള്‍ ഉള്‍പ്പെടെ ഇരുപത് പേര്‍ക്കേ ബര്‍ത്തിലേക്ക് പ്രവേശനമുള്ളൂ. മറ്റുള്ളവര്‍ക്ക് സ്റ്റേജിന് മുന്നിലുള്ള കൂറ്റന്‍ സ്ക്രീനില്‍ സ്വീകരണ പരിപാടി കാണാം. ലത്തീന്‍ സഭാ നേതൃത്വം ചടങ്ങില്‍ പങ്കെടുക്കില്ലെങ്കിലും വിഴിഞ്ഞം ഇടവക പങ്കെടുക്കും. കരയിലും കടലിലും കോസ്റ്റ് ഗാര്‍ഡിന്റെ അടക്കം കനത്ത സുരക്ഷയാണ് ഒരുക്കിയത്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള 2000 പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്.
തുറമുഖത്ത് സ്ഥാപിക്കാനുള്ള മൂന്ന് ക്രെയിനുകളുമായിട്ടാണ് ചൈനയില്‍ നിന്നുള്ള കപ്പല്‍ തുറമുഖത്തെത്തിയത്. 100 മീറ്റര്‍ ഉയരവും 60 മീറ്ററോളം കടലിലേക്ക് തള്ളി നില്ക്കുന്നതുമായ സൂപ്പര്‍ പോസ്റ്റ് പനാമാക്സ് ക്രെയിനും 30 മീറ്റര്‍ ഉയരമുള്ള രണ്ട് ഷോര്‍ ക്രെയിനുമാണ് കപ്പലില്‍ എത്തിച്ചത്.
Discussion about this post