ലോണ്‍ കെണിക്കൊപ്പം ബാങ്കിന്റെ ജപ്തി നോട്ടീസും കുടുംബത്തെ തളര്‍ത്തി, ഓണ്‍ലൈന്‍ ആപ്പ് കണ്ടെത്താന്‍ പോലീസ്, അന്വേഷണം ഊര്‍ജ്ജിതമാക്കി

ആറ് ലക്ഷത്തിലധികം രൂപയുടെ കുടിശിക അടയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ബാങ്ക് ജപ്തി നോട്ടീസ് അയച്ചത്.

എറണാകുളം: കടമക്കുടിയില്‍ ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഓണ്‍ലൈന്‍ ലോണ്‍ കെണിക്കൊപ്പം സമീപ ദിവസം ബാങ്കിന്റെ ജപ്തിനോട്ടീസും കുടുംബത്തിന് എത്തിയതായാണ് റിപ്പോര്‍ട്ട്. ആറ് ലക്ഷത്തിലധികം രൂപയുടെ കുടിശിക അടയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ബാങ്ക് ജപ്തി നോട്ടീസ് അയച്ചത്. കടമക്കുടിയിലെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് അടുത്തിടെ ബാങ്ക് അയച്ച ജപ്തിനോട്ടീസ് പോലീസ് കണ്ടെടുത്തത്.

അതേസമയം, ഓണ്‍ലൈന്‍ ലോണ്‍ ആപ് വഴി എത്ര തുകയാണ് ഇവര്‍ എടുത്തത്, എത്ര രൂപയാണ് തിരിച്ചടച്ചത് എന്നത് പോലീസ് സ്ഥീരികരിച്ചിട്ടില്ല. അതിന് ഫോണിന്റെ ലോക്ക് ഉള്‍പ്പെടെ തുറക്കേണ്ടതുണ്ട്. ഫോണ്‍ പാറ്റേണ്‍ ലോക്കാണ്. സൈബര്‍ വിദഗ്ദ്ധരുടെ സഹായത്തോടെ ഉടന്‍ ഫോണ്‍ പരിശോധിക്കും.

ഓണ്‍ലൈന്‍ ലോണ്‍ തട്ടിപ്പുകാര്‍ യുവതിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ബന്ധുക്കളുടെ ഫോണിലെയ്ക്ക് അയച്ചതായി സ്ഥിരീകരിച്ചിരുന്നു. ചൊവ്വാഴ്ചയാണ് കടമക്കുടി സ്വദേശി നിജോ, ഭാര്യ ശില്‍പ, മക്കളായ ഏബല്‍, ആരോണ്‍ എന്നിവരെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്.

Exit mobile version