തിരുവനന്തപുരം: കാട്ടാക്കടയില്‍ വിദ്യാര്‍ത്ഥി കാറിടിച്ച് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പൂവച്ചല്‍ സ്വദേശിയായ പത്താംക്ലാസ് വിദ്യാര്‍ത്ഥി ആദി ശേഖറിന്റെ മരണത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്. മരണത്തില്‍ നരഹത്യ വകുപ്പ് ചുമത്തി പോലീസ് അകന്ന ബന്ധുവിനെതിരെ കേസെടുത്തു. പൂവ്വച്ചല്‍ സ്വദേശിയായ പ്രിയരഞ്ജനെതിരെയാണ് പോലീസ് കേസെടുത്തത്.
കഴിഞ്ഞ 31നാണ് പുളിങ്കോട് ക്ഷേത്രത്തിന് സമീപം ആദി ശേഖര്‍
വാഹനമിടിച്ച് മരിച്ചത്. വാഹനപകടമെന്നായിരുന്നു ആദ്യം കരുതിയത്. എന്നാല്‍ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് നരഹത്യ സംശയം പോലീസിന് ബലപ്പെട്ടത്. ക്ഷേത്രമതിലിന് സമീപം പ്രിയരഞ്ജന് മൂത്രമൊഴിച്ചത് ആദി ശേഖര്‍ ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള പകയാകാം കൃത്യത്തിന് പിന്നിലെന്നാണ് സംശയം.
അതേസമയം, പ്രിയരഞ്ജനായി അന്വേഷണം തുടരുകയാണ്. കാട്ടാക്കട പൂവച്ചല്‍ അരുണോദയത്തില്‍ അരുണ്‍കുമാര്‍- ദീപ ദമ്പതികളുടെ മകന് ആദി ശേഖര്‍ (15) ആണ് മരിച്ചത്. പുളിങ്കോട് ശ്രീ ഭദ്രകാളി ക്ഷേത്രത്തിന്റെ മുന്‍വശത്ത് വച്ച് കഴിഞ്ഞ 31ന് വൈകുന്നേരം അഞ്ചു മണിയോടെയാണ് അപകടമുണ്ടായത്. സൈക്കിള്‍ ചവിട്ടുകയായിരുന്ന ആദി ശേഖറിനെ പടിയന്നൂര്‍ ക്ഷേത്രത്തിന്റെ ഭാഗത്ത് നിന്ന് വന്ന കാര്‍ ഇടിക്കുകയായിരുന്നു.
കുട്ടിയുടെ ബന്ധുവിന്റെ കാറാണ് അപകടം ഉണ്ടാക്കിയതെന്ന് അന്ന് തന്നെ കണ്ടെത്തിയിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചു റോഡില്‍ വീണ ആദി ശേഖര്‍ തല്ഷണം മരിച്ചെന്നാണ് നാട്ടുകാര്‍ പറഞ്ഞത്.
Discussion about this post