മാന്നാര്‍: ബൈക്ക് അപകടത്തെ തുടര്‍ന്ന് പന്ത്രണ്ട് വര്‍ഷമായി ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. പരുമല കാഞ്ഞിരത്തിന് മൂട്ടില് എം.സി ആന്റണിയുടെ മകന് മാത്യു കെ ആന്റണി(37)യാണ് മരിച്ചത്.
2011 നവംബര്‍ 19നാണ് മാത്യുവിനെ അപകടം തളര്‍ത്തിയത്. പരുമലയില്‍ സ്റ്റുഡിയോ നടത്തി കൊണ്ടിരുന്ന മാത്യു പാണ്ടനാട്ടില്‍ ഒരു വിവാഹ ആല്‍ബം കൊടുത്ത ശേഷം തിരികെ വരുമ്പോഴായിരുന്നു അപകടം നടന്നത്. നായ കുറുകെ ചാടിയപ്പോള്‍ ഇടിച്ച്, ബൈക്കില്‍ നിന്ന് തെറിച്ച് റോഡിലേക്ക് വീഴുകയായിരുന്നു.
തുടര്‍ന്ന് തിരുവല്ല, പരുമല എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിലും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമായിട്ട് ചികിത്സ നടത്തി വരികയായിരുന്നു. മാത്യു നിരവധി ശസ്ത്രക്രിയകള്‍ക്ക് വിധേയമായി. കുടുംബത്തിനാകെ ഉണ്ടായിരുന്ന 10 സെന്റ് സ്ഥലവും വീടും വിറ്റാണ് തുടക്കത്തില്‍ ചികിത്സകള്‍ നടത്തിയത്.
ഇത് തികയാതെ വന്നപ്പോള്‍ മറ്റുള്ളവരുടെ സഹായം തേടി. 50 ലക്ഷത്തോളം രൂപയാണ് ചികിത്സക്കായി വേണ്ടി വന്നത്. കഴിഞ്ഞ നാല് വര്‍ഷമായി ആശുപത്രിയിലും വീട്ടിലുമായിട്ടായിരുന്നു ചികിത്സകള്‍. പിതാവ് ആന്റണിയും മാതാവ് ജസീന്തയും ഏക സഹോദരന് സേവ്യറും ഊണും ഉറക്കവും ജോലിയും ഉപേക്ഷിച്ച് പരിചരിക്കാന്‍ ഒപ്പമുണ്ടായിരുന്നു. ഇതിനിടയില്‍ മാത്യു മരണത്തിന് കീഴടങ്ങുകയായിരുന്നു.
Discussion about this post