തിരുവനന്തപുരം: സോഷ്യല്‍ മീഡിയ വഴി തട്ടിപ്പ് വ്യാപകമാകുന്നതായി പോലീസിന്റെ മുന്നറിയിപ്പ്. അറിയാത്ത് ആളുകളില്‍ നിന്ന് ലഭിക്കുന്ന ഫ്രണ്ട് റിക്വസ്റ്റും പിന്നാലെ വീഡിയോ കോളിന് ക്ഷണിച്ചുകൊണ്ടും ആളുകളെ കെണിയില്‍ വീഴ്ത്തുന്ന തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് കേരള പോലീസ് മുന്നറിയിപ്പ് നല്കി.
ആളുകളുടെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി അതില്‍ അശ്ലീല ദൃശ്യങ്ങള്‍ കൂടി കൂട്ടിച്ചേര്‍ക്കുകയും ഇത് ബന്ധുക്കള്‍ക്കും സുഹൃത്തുകള്‍ക്കും അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയുമാണ് ഇത്തരം തട്ടിപ്പുകാരുടെ സ്ഥിരം രീതി. ഇത്തരം തട്ടിപ്പുകളില്‍ ആരും പെട്ടുപോകരുതെന്നും പോലീസ് മുന്നറയിപ്പ് നല്‍കുന്നുണ്ട്.
കേരള പോലീസിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം…
സോഷ്യല്‍ മീഡിയയില്‍ മുന്‍പരിചയമില്ലാത്ത പെണ്‍കുട്ടിയുടെ പേരിലുള്ള ഫ്രണ്ട് റിക്വസ്റ്റ് വരുന്നു. സ്വീകരിച്ചാല്‍ വീഡിയോ കോളിന് ക്ഷണിക്കുന്നു. കാള്‍ അറ്റന്‍ഡ് ചെയ്താലോ മറു വശത്ത് ഒരു പെണ്‍കുട്ടിയുടെ നഗ്നദൃശ്യമായിരിക്കും കാണാനാകുന്നത്. അതിനു അനുസരിച്ചു പ്രതികരിച്ചാലും ഇല്ലെങ്കിലും അടുത്തതായി ഫോണിലേക്ക് വരുന്നത് ഭീഷണി സന്ദേശങ്ങളായിരിക്കും. വീഡിയോ റെക്കോര്‍ഡ് ചെയ്തു എടുത്തിട്ടുണ്ടെന്നും, അത് ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കുമൊക്കെ അയച്ചു കൊടുക്കാതിരിക്കണമെങ്കില്‍ അവര്‍ ആവശ്യപ്പെടുന്ന പണം നല്‍കണം എന്നുമായിരിക്കും സന്ദേശം. കാള്‍ അറ്റന്‍ഡ് ചെയ്തയാളുടെ രൂപം എഡിറ്റ് ചെയ്തു അശ്ലീലത കലര്‍ത്തിയുള്ള വീഡിയോയും ഇതിനൊപ്പം അയച്ചു നല്‍കും. ഇങ്ങനെ ഒരു അവസ്ഥ നേരിടേണ്ടി വന്നാല്‍ എന്ത് ചെയ്യണം ? ഒരിക്കലും അവര്‍ ആവശ്യപ്പെടുന്ന പണം നല്‍കരുത്. നല്കിയാല് വീണ്ടും വീണ്ടും ആവശ്യപ്പെട്ടുകൊണ്ടേയിരിക്കും. ബന്ധുക്കളെയും സുഹൃത്തുക്കളെയുമുള്‍പ്പെടെ വിവരമറിയിച്ച് ധൈര്യപൂര്‍വം തട്ടിപ്പുകാരെ നേരിടുക. അടുത്തുള്ള പോലീസ് സ്റ്റേഷനിലോ ഓണ്‍ലൈന്‍ മുഖാന്തരമോ പരാതി നല്‍കുക.
Discussion about this post