കൊച്ചി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അപമാനിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്ത സിനിമാനടൻ വിനായകനെതിരെ പോലീസിൽ പരാതി. എറണാകുളം ഡിസിസി ജനറൽ സെക്രട്ടറി അജിത് അമീർ ബാവയാണ് വിനായകനെതിരെ കൊച്ചി അസി. പോലീസ് കമ്മീഷണർക്ക് പരാതി നൽകിയിരിക്കുന്നത്.
ഉമ്മൻചാണ്ടിയെ അപമാനിച്ച വിനായകനെതിരേ നടപടി സ്വീകരിക്കണമെന്നും നടന്റെ ലഹരിമാഫിയ-ഗുണ്ടാബന്ധങ്ങൾ അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്. കൂടാതെ, വിനായകനാണ് സിനിമാമേഖലയിലെ ലഹരിമാഫിയയുടെ തലവനെന്നും പരാതിയിൽ ആരോപിക്കുന്നുണ്ട്.
മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മരണത്തിന് പിന്നാലെ കഴിഞ്ഞദിവസം നടൻ വിനായകൻ ഫേസ്ബുക്ക് ലൈവിൽ എത്തിയാണ് വിവാദപരാമർശങ്ങൾ നടത്തിയത്. ”ആരാണ് ഈ ഉമ്മൻചാണ്ടി, നിർത്തിയിട്ട് പോ പത്രക്കാരെ, എന്റെ അച്ഛനും ചത്തു, നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്ത് ചെയ്യണം” തുടങ്ങിയ രീതിയിലായിരുന്നു വിനായകന്റെ പരാമർശം. സംഭവത്തിന് എതിരെ രൂക്ഷമായ പ്രതികരണമാണ് വ്യാപകമായി ഉയർന്നത്. പിന്നാലെ വീഡിയോ താരം പിൻവലിച്ചിട്ടുണ്ട്.
Discussion about this post