തിരുവനന്തപുരം: മകള്‍ എംബിബിഎസ് ബിരുദം നേടിയ സന്തോഷം പങ്കുവച്ച് നടന്‍ ബൈജു സന്തോഷ്. മകള്‍ ഐശ്വര്യ സന്തോഷ് ഡോ. സോമര്‍വെല്‍ മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ നിന്നും എംബിബിഎസ് ബിരുദം നേടിയ സന്തോഷമാണ് നടന്‍ പങ്കുവച്ചത്. ഒപ്പം മകളുടെ നേട്ടം അകാലത്തില്‍ പൊലിഞ്ഞു പോയ ഡോ. വന്ദനക്ക് ദുഃഖത്തോടുകൂടി സമര്‍പ്പിക്കുന്നുവെന്നും ബൈജു ഫേസ്ബുക്കില്‍ കുറിച്ചു.
എന്റെ മകള്‍ ഐശ്വര്യ സന്തോഷിന് ഡോ. സോമര്‍വെല്‍ മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ നിന്നും എം.ബി.ബി.എസ് ബിരുദം ലഭിച്ചു. ഇതോടൊപ്പം ബിരുദം ലഭിച്ച മുഴുവന്‍ സഹപാഠികള്‍ക്കും ആശംസകള്‍ അറിയിക്കുന്നു. കൂടാതെ ഈ അവസരത്തില്‍ അകാലത്തില്‍ പൊലിഞ്ഞു പോയ ഡോ. വന്ദനക്ക് ഈ വിജയം ദുഃഖത്തോടുകൂടി സമര്‍പ്പിക്കുന്നു.

കഴിഞ്ഞ മാസമാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പോലീസ് വൈദ്യ പരിശോധനയ്‌ക്കെത്തിച്ച സന്ദീപ് എന്ന അധ്യാപകന്‍ വന്ദനയെ കുത്തിക്കൊന്നത്. കാലില്‍ പരിക്കേറ്റ നിലയിലാണ് സന്ദീപിനെ ആശുപത്രിയിലെത്തിച്ചത്. ഡോക്ടറുടെ മുറിയിലുണ്ടായിരുന്ന കത്രികയെടുത്താണ് സന്ദീപ് വന്ദനയെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ അക്രമി വന്ദനയെ പിന്തുടര്‍ന്ന് കുത്തി. വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
















Discussion about this post