കോഴിക്കോട്: നഗരമധ്യത്തിൽ വെച്ച് സിനിമ കഴിഞ്ഞ് മടങ്ങിയ ദമ്പതിമാരെ രാത്രി ബൈക്കിൽ പിന്തുടർന്ന് ആക്രമിച്ച സംഭവത്തിൽ അഞ്ചുപേർ കസ്റ്റഡിയിൽ. നടക്കാവ് പോലീസാണ് അഞ്ച് യുവാക്കളെയും കസ്റ്റഡിയിലെടുത്തത്. ഒരു ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ് ചെറുവണ്ണൂർ ഇരിങ്ങാടൻപള്ളി സ്വദേശി അശ്വിനും ഭാര്യയ്ക്കും നഗരമധ്യത്തിൽവെച്ച് ദുരനുഭവം ഉണ്ടായത്. ബൈക്കുകളിൽ പിന്തുടർന്നെത്തിയ സംഘം ഭാര്യയെ കമന്റടിക്കുകയും കണ്ണിരുക്കി കാണിക്കുകയും ചെയ്തിരുന്നു. ശല്യം അസഹനീയമായതോടെയാണ് അശ്വിൻ ചോദ്യം ചെയ്തത്. ഇതോടെ തന്നെ മർദ്ദിച്ചെന്നാണ് അശ്വിൻ പറയുന്നത്.
ദമ്പതിമാരെ രണ്ട് ബൈക്കുകളിലായെത്തിയ അഞ്ചംഗസംഘമാണ് ആക്രമിച്ചത്. സംഭവത്തിൽ പോലീസ് കൺട്രോൾ റൂമിലും പിന്നീട് നടക്കാവ് പോലീസിലും അശ്വിൻ പരാതി നൽകിയിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് അഞ്ച് പേരെയും പോലീസ് കസ്റ്റഡിയിലെടുത്തത്.
വാഹനത്തിന്റെ നമ്പർ തിരിച്ചറിഞ്ഞത് അന്വേഷണത്തിൽ നിർണായകമായി. ഇതിനുപുറമേ നഗരത്തിലെ സിസിടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അഞ്ച് യുവാക്കളെയും പിടികൂടിയത്. പ്രതികളെ തിരിച്ചറിയാനായി പരാതിക്കാരനായ അശ്വിനെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു.
Discussion about this post