തൃശൂര്‍: വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലെത്തിയ വധു വിവാഹത്തില്‍ നിന്നും പിന്മാറി. തൃശ്ശൂരിലാണ് സംഭവം. വരന്റെ വീട് കണ്ടതോടെയാണ് വധു വിവാഹത്തില്‍ നിന്നും പിന്മാറിയത്. ഈ വീട്ടിലേക്ക് താന്‍ വരില്ല എന്നു ഉറക്കെ വിളിച്ചു പറഞ്ഞ് തിരികെ ഓടുകയായിരുന്നു വധു.
കുന്നംകുളത്താണ് സംഭവം, കുന്നംകുളം തെക്കേപുറത്താണ് വരന്റെ വീട് കാരണം വിവാഹ മുടങ്ങിയത്. താലികെട്ടും മറ്റു ചടങ്ങുകളും കഴിഞ്ഞ് വരന്റെ വീട്ടിലേക്ക് കയറുകയായിരുന്നു വധു. വീട്ടിലേക്ക് വലതുകാല്‍ വച്ച് കയറുമ്പോഴാണ് വീട് വധുവിന്റെ ശ്രദ്ധയില്‍ പെടുന്നത്.
ദിവസ വേതനക്കാരനായ വരന്റെ വീട് അഞ്ച് സെന്റ് ഭൂമിയില്‍ ഓടും ഓലയും കൂടാതെ കുറെ ഭാഗങ്ങള്‍ ഷീറ്റും ഒക്കെയായുള്ളതായിരുന്നു. ഇത് കണ്ടതോടെയാണ് വീട്ടില്‍ കയറുന്ന അരിയും പൂവും എറിഞ്ഞ് സ്വീകരിക്കുന്ന ചടങ്ങിന് മുന്‍പ് വധു തിരികെ ഓടിയത്.
ഓടുന്നതിനിടെ ഈ വീട്ടിലേക്ക് താന്‍ വരില്ല എന്നു വധു ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു. വധു ഓടുന്നത് കണ്ടു പരിഭ്രമിച്ച ബന്ധുക്കള്‍ പിന്നാലെ ചെന്ന് വധുവിനെ ബലമായി പിടിച്ചു കൊണ്ടുവന്നു. ചടങ്ങില്‍ പങ്കെടുക്കാന്‍ കുറേപ്പേര് ആവശ്യപ്പെട്ടു.
അതിന് ശേഷം എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യാമെന്നും പറഞ്ഞു. എന്നാല്‍ വധു ഇതിന് വഴങ്ങിയില്ല. തന്റെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. ഈ വീട്ടില്‍ ഒരു പെണ്‍കുട്ടിക്ക് വേണ്ട മിനിമം സ്വകാര്യതപോലും ലഭിക്കില്ലെന്ന വധുവിന്റെ പരാതിയില്‍ വീട്ടുകാര്‍ കൂടി ആശങ്കയിലായതോടെ സംഭവത്തില്‍ പോലീസ് ഇടപെട്ടു.
അതിനിടെ വരന്റെയും വധുവിന്റെയും ബന്ധുക്കള്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. പ്രശ്നം വഷളാവുമെന്ന് തോന്നിയപ്പോള്‍ നാട്ടുകാരാണ് വിവരം പോലീസില്‍ അറിയിച്ചത്. പോലീസ് ഇടപെട്ട് വധുവിനെ വധുവിന്റെ വീട്ടിലേക്ക മടക്കിയയച്ചു.
Discussion about this post