വർക്കല: വീടിന് സമീപത്തെ ചപ്പുചവറുകൾക്ക് തീയിട്ട വയോധികൻ പൊള്ളലേറ്റ് മരിച്ചു. പുന്നമൂട് വാച്ചർമുക്ക് രശ്മിയിൽ വിക്രമൻ നായരാണ് മരിച്ചത്. 74 വയസായിരുന്നു. സമീപത്ത് തീ പടർന്നുവെന്നും അപകടം സംഭവിച്ചുവെന്നും അറിഞ്ഞ് വർക്കല ഫയർഫോഴ്സ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും പാഞ്ഞെത്തി.
തീ നിയന്ത്രണ വിധേയമാക്കുവാൻ ഒരുങ്ങുമ്പോഴാണ് അഗ്നിരക്ഷാ സേനയിലെ ഉദ്യോഗസ്ഥൻ വിഷ്ണു അറിഞ്ഞത് അപകടം സംഭവിച്ചത് സ്വന്തം പിതാവിനായിരുന്നു എന്ന്. ഏവരുടെയും ചങ്ക് തകർന്നുപോയ നിമിഷം കൂടിയായിരുന്നു അത്.
മുഖത്തും കാലിലും പൊള്ളലേറ്റ വിക്രമനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീടു മരിച്ചു. വീടിനു സമീപത്തുള്ള സ്വന്തം പുരയിടം വൃത്തിയാക്കാനായി എത്തിയ വേളയിൽ തീപടർന്നതോടെ വിക്രമൻ നായർക്കു പൊള്ളലേൽക്കുകയായിരുന്നു. ചന്ദ്രലേഖയാണ് ഭാര്യ. മക്കൾ: രശ്മി, വിഷ്ണു. മരുമക്കൾ: ആദർശ്, ലക്ഷ്മി.
Discussion about this post