ഇടുക്കി: ഹോട്ടലില്‍ നിന്നും വാങ്ങിച്ച പൊറോട്ട കഴിച്ച് ബോധരഹിതയായി വീണ പെണ്‍കുട്ടി മരിച്ച സംഭവം അലര്‍ജി കാരണമെന്ന് റിപ്പോര്‍ട്ട്. മുന്‍പ് പെണ്‍കുട്ടി അലര്‍ജി ചികിത്സയിലായിരുന്നെന്നും പൊറോട്ട കഴിച്ചതോടെ രോഗം കൂടിയാണ് പെണ്‍കുട്ടി മരിച്ചത്.
ഇടുക്കി ജില്ലയിലെ വാഴത്തോപ്പ് താന്നികണ്ടം വെളിയത്തുമാലി സിജു ഗബ്രിയേലിന്റെ മകള്‍ നയന്‍മരിയ സിജുവാണ്(16) മരിച്ചത്. മൈദ, ഗോതമ്പ് എന്നിവയടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കുട്ടിക്ക് മുന്‍പ് അലര്‍ജിയുണ്ടാക്കിയിരുന്നു. ഇതേതുടര്‍ന്ന് ചികിത്സയിലായിരുന്നു പെണ്‍കുട്ടി.
നേരത്തെ, അലര്‍ജി കൂടിയതോടെ കുട്ടി ബോധരഹിതയാകുകയും ദിവസങ്ങളോളം ചികിത്സയിലുമായിരുന്നു. അടുത്തിടെ രോഗം ഭേദപ്പെട്ടിരുന്നു. ഇതോടെയാണ് ചെറിയ തോതില്‍ ഇത്തരം ഭക്ഷണങ്ങള്‍ കഴിച്ചു തുടങ്ങിയത്. എന്നാല്‍ ഇന്നലെ വൈകിട്ട് പൊറോട്ട കഴിച്ച പെണ്‍കുട്ടിക്ക് ഉടന്‍ തന്നെ ശാരീരിക അസ്വസ്ഥതയുണ്ടാവുകയായിരുന്നു.
ഉടനെ തന്നെ കുട്ടിയെ ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റി.
എന്നാല്‍ ഇന്ന് ആരോഗ്യനില വീണ്ടും വഷളാവുകയും ഉച്ചയോടെ മരണം സംഭവിക്കുകയുമായിരുന്നു. വാഴത്തോപ്പ് സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് നയന്‍മരിയ.
Discussion about this post