ആശുപത്രി ശൗചാലയത്തിന്റെ വെന്റിലേറ്ററിലൂടെ സ്ത്രീയുടെ ഫോട്ടോയെടുത്തു; പോലീസുകാരൻ പ്രിനു അറസ്റ്റിൽ

തിരുവനന്തപുരം: ആശുപത്രി ശൗചാലയത്തിന്റെ വെന്റിലേറ്ററിലൂടെ സ്ത്രീയുടെ ഫോട്ടോയെടുത്ത പോലീസുകാരൻ അറസ്റ്റിൽ. മെഡിക്കൽ കോളേജ് മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ ശൗചാലയത്തിൽ നിന്നാണ് സ്ത്രീയുടെ ചിത്രം ചെങ്കൽ സ്വദേശി പ്രിനു(32) പകർത്തിയത്. തിങ്കളാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം.

മെഡിക്കൽ കോളേജ് പോലീസ് ആണ് പ്രിനുവിനെ അറസ്റ്റ് ചെയ്തത്. ബന്ധുവിന്റെ കൂട്ടിരിപ്പുകാരനായാണ് ഇയാൾ ആശുപത്രിയിലെത്തിയത്. ജെറിയാട്രിക് വാർഡിൽ ചികിത്സയിലുള്ള രോഗിയുടെ കൂട്ടിരിപ്പുകാരിയുടെ ഫോട്ടോയാണ് ഇയാൾ മൊബൈൽ ഫോണിൽ പകർത്തിയത്. മൊബൈൽഫോൺ കണ്ട സ്ത്രീ ഉറക്കെ നിലവിളിച്ചു.

പിന്നാലെ സുരക്ഷാ ജീവനക്കാർ ഓടിയെത്തി. ഇതോടെ പ്രിനു ഫോൺ ദൂരേയ്ക്ക് വലിച്ചെറിഞ്ഞു. എന്നാൽ, ജീവനക്കാർ ഫോൺ കണ്ടെത്തി പരിശോധിച്ചപ്പോൾ ചിത്രം കണ്ടെത്തുകയും ചെയ്തു. പ്രിനു സ്റ്റാച്യു ഗവ. പ്രസിൽ ഡെപ്യൂട്ടേഷനിലാണ്. ഇയാളെ കോടതി റിമാൻഡ് ചെയ്തു.

Exit mobile version