ഓൺലൈൻ തട്ടിപ്പിലൂടെ ലക്ഷങ്ങൾ നഷ്ടപ്പെട്ടു; മുഴുവൻ തുകയും കണ്ടെത്തി നൽകി സൈബർ ക്രൈം പോലീസ്! നന്ദി പറഞ്ഞും വിവാഹത്തിന് ക്ഷണിച്ചും സന്തോഷം പങ്കിട്ട് യുവാവ്

തൃശ്ശൂർ: ഓൺലൈൻ തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ട് പരാതി പറയാനെത്തിയ യുവാവിന് മുഴുവൻ തുകയും കണ്ടെത്തി നൽകി തൃശ്ശൂർ സിറ്റി സൈബർ ക്രൈം പോലീസ്. ചേലക്കര സ്വദേശിയായ യുവാവിനാണ് ലക്ഷങ്ങൾ നഷ്ടപ്പെട്ടത്. പരാതിക്കാരന്റെ കല്യാണച്ചിലവിനു കരുതിവെച്ച പണമാണ് സൈബർ തട്ടിപ്പിൽ ഇരയായി നഷ്ടമായത്.

അതോടെ കല്യാണസദ്യയും വിരുന്നുസൽക്കാരവുമെല്ലാം ഒഴിവാക്കി ലളിതമായി നടത്താൻ തീരുമാനിച്ചു. എന്നാല്, നഷ്ടപ്പെട്ട മുഴുവൻ പണവും തിരിച്ചു കിട്ടിയതോടെ കല്ല്യാണം മുൻ നിശ്ചയിച്ച പ്രകാരം തന്നെ നടത്തുമെന്ന് യുവാവ് സന്തോഷ പൂർവ്വം അറിയിക്കുകയും ചെയ്തു. കൂടാതെ, തൃശൂർ സൈബർ പോലീസ് സ്റ്റേഷനിലെത്തി എല്ലാ ഉദ്യോഗസ്ഥരെയും കല്യാണത്തിന് ക്ഷണിച്ചുമാണ് യുവാവ് അവിടെ നിന്നും ഇറങ്ങിയത്.

സംഭവം ഇങ്ങനെ;

ഓൺലൈനിൽ പാർട് ടൈം ജോലി എന്ന വാട്‌സാപ് പരസ്യത്തിന് പ്രതികരിച്ചപ്പോൾ ഈ ലിങ്കിൽ ക്‌ളിക് ചെയ്താൽ ആമസോൺ പ്രൊഡക്ട്‌സ് വെർച്വൽ ആയി വാങ്ങിയാൽ കമ്മീഷൻ നേടാം എന്ന മറുപടി ലഭിച്ചു. ഉടൻ തന്നെ യുവാവ് ലിങ്കിൽ കയറി പേരും മറ്റും രജിസ്റ്റർ ചെയ്തു. ശേഷമുള്ള നിർദ്ദേശങ്ങളെല്ലാം മോണിക്ക ആമസോൺ എന്നുപേരുള്ള ടെലഗ്രാം അക്കൌണ്ടിലൂടെയാണ് യുവാവിന് ലഭിച്ചത്. ചാറ്റ് ചെയ്തപ്പോൾ ആമസോണിൽ നിന്നും ലഭിക്കുന്ന കമ്മീഷനെ കുറിച്ചും ഉത്പന്നങ്ങളെക്കുറിച്ചും നിർദ്ദേശങ്ങൾ ലഭിച്ചു.

ഉത്പന്നങ്ങൾ വാങ്ങുന്നതിനായി ആമസോൺ എന്ന പേരിലുള്ള ഒരു വ്യാജ ലിങ്കും അയച്ചു കൊടുത്തു. തുടർന്ന് യുവാവ് 500 രൂപയ്ക്ക് ഒരു സാധനം വാങ്ങുകയും അക്കൗണ്ടിലേക്ക് കമ്മീഷൻ തുകയായ 300 രൂപ ക്രെഡിറ്റ് ആവുകയും ചെയ്തു. പിന്നീട് 5000, 10000, 25000 തുടങ്ങി 5 ലക്ഷത്തിലധികം രൂപയാണ് യുവാവ് അയച്ചുകൊടുത്തത്. അക്കൗണ്ടിലേക്ക് കമ്മീഷൻ ക്രെഡിറ്റ് ആയിട്ടുള്ള സന്ദേശങ്ങളും വന്നുകൊണ്ടേയിരുന്നു.

എന്നാൽ പണം പിൻവലിക്കാൻ സാധിച്ചിരുന്നില്ല. ഇത് യുവാവിൽ സംശയം തോന്നി. എന്നാൽ കൂടുതൽ തുകയുടെ ഉത്പന്നങ്ങൾ വാങ്ങി ടാസ്‌ക് മുഴുവനായാൽ മാത്രമേ തുക പിൻവലിക്കാനാകൂ എന്ന് അവർ അറിയിച്ചതിനാൽ തുടർന്നും പണം അയച്ചുകൊണ്ടിരുന്നു. പിന്നീടുള്ള അവരുടെ മറുപടിയിൽ സംശയം തോന്നിയപ്പോൾ നടത്തിയ അന്വേഷണത്തിലാണ് സൈറ്റ് വ്യാജനാണെന്നു മനസ്സിലായത്. അപ്പോഴേക്കും വലിയൊരു തുക യുവാവിന് നഷ്ടപ്പെട്ടിരുന്നു.

ഉടൻതന്നെ തൃശൂർ സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ എത്തി യുവാവ് പരാതി നൽകുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ പണം നഷ്ടപ്പെട്ടയാളുടെ അക്കൗണ്ടുകളിൽ നിന്നും പണം കൈമാറിയ എല്ലാ അക്കൗണ്ടുകളും മരവിപ്പിക്കുന്നതിന് ബന്ധപ്പെട്ട ബാങ്കുകൾക്ക് നിർദ്ദേശം നൽകി. കൈമാറിയ പണം തിരികെ ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. ഇതുമായി ബന്ധപ്പെട്ട് തട്ടിപ്പുകാർ കൈകാര്യം ചെയ്തവയെന്ന് കണ്ടെത്തിയ ബാങ്ക് അക്കൗണ്ടുകൾ ലീൻ മാർക്ക് ചെയ്യുകയും ചെയ്തു. അതോടെ, പരാതിക്കാരന് നഷ്ടമായ മുഴുവൻ തുകയും തിരികെ ലഭിക്കുകയായിരുന്നു.

Exit mobile version