തിരിച്ചത് കല്യാണ വീട്ടിലേക്ക്;ജോലി സ്ഥലത്തേക്ക് പോകാന്‍ ബസ് കാത്തുനിന്ന കൂട്ടുകാരനെയും വലിച്ച് കയറ്റി ആ അഞ്ചുപേര്‍ യാത്രയായത് കൂട്ടമരണത്തിലേക്ക്

അമ്പലപ്പുഴ: കല്യാണവീട്ടിലേക്ക് കാറില്‍ യാത്ര തിരിച്ചവര്‍ കൂട്ടുകാരനെ വഴിയില്‍ കണ്ടതോടെ നിര്‍ബന്ധിച്ച് കൂടെക്കൂട്ടി യാത്രയായത് കൂട്ടമരണത്തിലേക്ക്. ജോലി സ്ഥലത്തേക്ക് പോകാന്‍ ബസ് കാത്തു നില്‍ക്കുകയായിരുന്ന കൂട്ടുകാരനെ കൂടെക്കൂട്ടി എറണാകുളത്തേക്ക് തിരിച്ചതായിരുന്നു ഈ യുവാക്കള്‍, പക്ഷെ അവരുടെ യാത്ര അന്ത്യയാത്രയാകുമെന്ന് ആരും കരുതിയില്ല.

അമ്പലപ്പുഴയില്‍ തിങ്കളാഴ്ച പുലര്‍ച്ചേ ഒന്നേമുക്കാലോടെയാണ് അഞ്ചു യുവാക്കള്‍ സഞ്ചരിച്ച കാര്‍, അരി കയറ്റി വന്ന ലോറിയിലേക്ക് ഇടിച്ചുകയറി വന്‍ അപകടം സംഭവിച്ചത്. കാര്‍ യാത്രക്കാരായ നാലുപേര്‍ സംഭവ സ്ഥലത്ത് വെച്ചും ശേഷിച്ച ഒരാള്‍ ഒന്നര മണിക്കൂറിന് ശേഷം ആശുപത്രിയില്‍ വെച്ചും മരണമടഞ്ഞു.

ദേശീയപാത 66-ല്‍ അമ്പലപ്പുഴ കാക്കാഴം റെയില്‍വേ മേല്‍പ്പാലത്തിനു സമീപമാണ് ദുരന്തമുണ്ടായത്. തിരുവനന്തപുരം ആനാവൂര്‍ ആലത്തൂര്‍ സ്വദേശികളായ കാപ്പുകാട്ടുകുളത്തിന്‍കര മോഹനന്റെയും അനിതയുടെയും മകന്‍ മനുമോഹന്‍ (24), മച്ചക്കുന്നുമേലെ പുത്തന്‍വീട്ടില്‍ യേശുദാസിന്റെയും ഷീജയുടെയും മകന്‍ വൈ. ഷിജിന്‍ദാസ് (24), അമ്പനാട് അനിഴത്തില്‍ ഗോപകുമാറിന്റെയും ബിന്ദുവിന്റെയും മകന്‍ ജി. പ്രസാദ് (24), കൊല്ലം പെരിങ്ങളം കിടപ്രം വടക്ക് അരുണ്‍നിവാസില്‍ പരേതനായ അനിരുദ്ധന്റെയും രാധാമണിയുടെയും മകന്‍ അമല്‍ (28), കോട്ടയം മഞ്ഞാമറ്റത്തില്‍ (കുതിരക്കാട്ടില്‍) ചാക്കോയുടെ മകന്‍ സുമോദ് (42) എന്നിവരാണു മരണപ്പെട്ടത്.

ALSO READ- പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച പ്രതിക്ക് തന്നെ വിവാഹം ചെയ്ത് നല്‍കി; മൂന്നുപ്രതികള്‍ പിടിയില്‍; തിരുവനന്തപുരത്തെ വിവാഹത്തില്‍ പങ്കെടുത്തവര്‍ക്കും കേസ്

ഇതില്‍ ഷിജിന്‍ദാസ്, പ്രസാദ്, അമല്‍, സുമോദ് എന്നിവര്‍ തിരുവനന്തപുരം വേളി ഐഎസ്ആര്‍ഒ കാന്റീനിലെ കരാര്‍ ജീവനക്കാരാണ്. ഷിജിന്‍ദാസിന്റെയും പ്രസാദിന്റെയും കൂട്ടുകാരനാണ് എറണാകുളം ഇടപ്പള്ളിയിലെ അപ്പാര്‍ട്ട്‌മെന്റില്‍ ജോലിചെയ്യുന്ന മനുമോഹന്‍. നാല് മാസങ്ങള്‍ക്ക് മുന്‍പാണ് മനു മോഹന്‍ എറണാകുളത്ത് ജോലിയില്‍ പ്രവേശിച്ചത്. ഈസ്റ്റര്‍ അവധിക്ക് വീട്ടില്‍ വരാമെന്നാണ് പറഞ്ഞിരുന്നത്.

ഇതിനിടെ ഇടുക്കിയില്‍ നഴ്‌സിങ് വിദ്യാര്‍ത്ഥിനിയായ സഹോദരി നീതു മോഹന് പനിയാണെന്ന് അറിഞ്ഞ മനു സഹോദരിയെ കൂട്ടി വീട്ടിലെത്തുകയായിരുന്നു. തുടര്‍ന്ന് ഒരുദിനം വീട്ടുകാരോടൊപ്പം താമസിച്ച ശേഷം ജോലി സ്ഥലത്തേക്ക് മടങ്ങുകയായിരുന്നു.

വീടിന് സമീപത്ത് നിന്നും ബസ് കിട്ടാത്തതിനെ തുടര്‍ന്ന് മനു മോഹനെ ഒരു സുഹൃത്ത് നെയ്യാറ്റിന്‍കരയില്‍ എത്തിക്കുകയായിരുന്നു. ഇവിടെ എറണാകുളത്തേക്കുള്ള ബസ് കാത്തുനില്‍ക്കുന്നതിനിടെയാണ് കൂട്ടുകാര്‍ കാറിലെത്തിയതും നിര്‍ബന്ധിച്ച് കയറ്റിയതും. കാറിലുണ്ടായിരുന്ന ഷിജിന്‍ ദാസും പ്രസാദും സഹപ്രവര്‍ത്തകരും മനു മോഹനെയും കാറില്‍ കയറ്റി സന്തോഷത്തോടെയാണ് എറണാകുളത്തേക്ക് പുറപ്പെട്ടത്. എന്നാല്‍ ആ കളിചിരികള്‍ യാത്ര പാതിയില്‍ എത്തിനില്‍ക്കെ വലിയ ദുരന്തത്തില്‍ കലാശിക്കുകയായിരുന്നു.

ALSO READ- വിമാന ജീവനക്കാരിയോട് മോശമായി പെരുമാറി, ദേഹത്ത് സ്പര്‍ശിച്ചു; യാത്രക്കാരെ വിമാനത്തില്‍ നിന്നും ഇറക്കിവിട്ട് സ്‌പൈസ് ജെറ്റ്

സുമോദ് ഒഴികെ നാലുപേരും അവിവാഹിതരാണ്. ഭാര്യ: തിരുവനന്തപുരത്ത് വിജിലന്‍സ് ഓഫീസ് ജീവനക്കാരിയായ ജസ്മി എം ജോസ്. മകള്‍: അക്സ (പ്ലസ്ടു വിദ്യാര്‍ഥിനി). സംസ്‌കാരം ചൊവ്വാഴ്ച കോട്ടയം യഹോവ സാക്ഷികളുടെ ഹാളിലെ ശുശ്രൂഷയ്ക്കുശേഷം പുതുപ്പള്ളി കാഞ്ഞിരത്തുംമൂട്ടിലുള്ള സെമിത്തേരിയില്‍.അമലിന്റെ സഹോദരന്‍: മൈനാഗപ്പള്ളിയില്‍ എസ്‌സി പ്രൊമോട്ടറായ അരുണ്‍. മനുമോഹന്റെ സഹോദരി: നീതു മോഹന്‍.

ഷിജിന്‍ദാസും പ്രസാദും അമലും സുമോദും കഴക്കൂട്ടത്തുള്ള കൂട്ടുകാരന്റെ കല്യാണത്തിനു പോകുന്നെന്നാണ് ഐഎസ്ആര്‍ഒ കാന്റീനിലെ സഹപ്രവര്‍ത്തകരോടു പറഞ്ഞിരുന്നത്. പ്രസാദിന്റെ അമ്മാവന്റെ മകന്‍ ഹരിശങ്കറിന്റെ കാറെടുത്തായിരുന്നു യാത്ര. കല്യാണത്തിനു പോകാനെന്നു പറഞ്ഞാണ് പ്രസാദ് കാര്‍ കൊണ്ടുപോയതെന്നു ഹരിശങ്കറും പറയുന്നു.

Exit mobile version