ആലപ്പുഴ: ആലപ്പുഴ ഭരണിക്കാവില്‍ യുവതിയെ ദുര്‍മന്ത്രവാദത്തിനിരയാക്കി. ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ കെട്ടിയിട്ട് ദുര്‍മന്ത്രവാദികളെ കൊണ്ട് ക്രൂരമായി മര്‍ദിച്ച കേസില്‍ ഭര്‍ത്താവും ബന്ധുക്കളും ഉള്‍പ്പെട്ട സംഘം അറസ്റ്റില്‍. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനെയും ബന്ധുക്കളെയും മൂന്ന് ദുര്‍മന്ത്രവാദികളെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഓഗസ്റ്റ് മുതലാണ് 25 കാരിയായ ഫാത്തിമക്ക് നേരെ ഭര്‍ത്താവ് ഭരണിക്കാവ് സ്വദേശി അനീഷ് ദുര്‍മന്ത്രവാദം തുടങ്ങിയത്. ഭാര്യയുടെ ശരീരത്തില്‍ ബാധ കയറിയെന്ന് പറഞ്ഞ് അനീഷ് ബന്ധുക്കളായ ഷിബു, ഷാഹിന എന്നിവരുടെ സഹായം തേടി. ഇവര്‍ വഴിയാണ് കൊല്ലം കുളത്തൂപ്പുഴയിലെ ദുര്‍മന്ത്രവാദികളായ സുലൈമാന്‍, അന്‍വര്‍ ഹുസൈന്‍, ഇമാമുദ്ദീന്‍ എന്നിവര്‍ വീട്ടിലെത്തിയത്.
എതിര്‍ത്ത ഫാത്തിമയെ ദുര്‍മന്ത്രവാദത്തിനിടയില്‍ ക്രൂരമായി മര്‍ദിച്ചു. ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും മര്‍ദനം ഏല്‍ക്കേണ്ടി വന്നു. ഓഗസ്റ്റ് മുതല്‍ മൂന്നുതവണ ദുര്‍മന്ത്രവാദം നടത്തിയെന്ന് യുവതിയുടെ മൊഴിയിലുണ്ട്. പരാതിയില്‍ അന്വേഷണം നടത്തിയ നൂറനാട് പോലീസ് ആറ് പ്രതികളെയും അറസ്റ്റ് ചെയ്തു. പ്രതികള്‍ ദുര്‍മന്ത്രവാദം നടത്തുന്നത് പതിവായിരുന്നെന്ന് പോലീസ് പറഞ്ഞു. അതേസമയം, പ്രതികള്‍ക്കെതിരെ മറ്റ് പരാതികള്‍ ഉണ്ടോയെന്ന് പോലീസ് അന്വേഷിക്കുകയാണ്.