ക്രൂരന്മാരായ പോര്‍ച്ചുഗലിന്റെയും ഇസ്ലാം വിരുദ്ധ രാജ്യങ്ങളുടെയും പതാക കെട്ടി നടക്കുന്നത് ശരിയായ രീതിയല്ല; ലോകകപ്പ് തുടങ്ങിയതോടെ നിസ്‌കാരം കുറഞ്ഞു; ലഹരി ആക്കരുതെന്ന് സമസ്ത

കോഴിക്കോട്: ഫുട്‌ബോള്‍ ലോകകപ്പ് തുടങ്ങിയതോടെ വിശ്വാസികളായ പലരും നിസ്‌കാരം തെറ്റിക്കുന്നതായും അതിര് കടന്ന ലഹരി വേണ്ടെന്നും മുന്നറിയിപ്പ് നല്‍കി സമസ്ത. ഫുട്ബോള്‍ ലഹരി ആക്കരുതെന്നും താരാരാധന അതിരുകടക്കരുതെന്നും സമസ്ത പള്ളികളില്‍ പ്രാര്‍ത്ഥനയ്ക്ക് ശേഷം മുന്നറിയിപ്പ് നല്‍കും. ഇക്കാര്യം നിര്‍ദേശം നല്‍കിയതായി ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി അറിയിച്ചു.

ലോകകപ്പ് തുടങ്ങിയതോടെ വിശ്വാസികള്‍ നമസ്‌കാരം ഉപേക്ഷിക്കുന്നത് ശ്രദ്ധയില്‍ പെട്ടതായും നാസര്‍ ഫൈസി ചൂണ്ടിക്കാട്ടി.

ജുമുഅ പ്രസംഗത്തിന്റെ പൂര്‍ണ രൂപം :

സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബാ ഖത്തീബുമാർക്ക് :-

[25/11/22 ലെ ജുമുഅ പ്രസംഗ മാറ്റർ]

*ലോകക്കപ്പ്: ഫുട്ബോളും വിശ്വാസിയും*

ഫുഡ്ബാൾ ഒരു കായികാഭ്യാസമെന്ന നിലയിൽ നിഷിദ്ധമായ കളിയല്ല. മനുഷ്യരുടെ ശാരീരികവും മാനസികവുമായ അഭിവൃദ്ധിക്ക് ഗുണകരമാവുന്ന ഏതൊന്നും അടിസ്ഥാനപരമായി മനുഷ്യന് അനുവദനീയമാണ്.

തിരുനബി(സ)കുട്ടികളെ ഓട്ട മത്സരത്തിന് പ്രോത്സാഹിപ്പിക്കുമായിരുന്നു.

عن عبدالله بن الحارث

كان رسول الله ص يَصُفُّ عبدَ اللهِ ، وعُبيدَ اللهِ ، وكثيرًا من بني العباسِ ثم يقولُ : من سَبَقَ إليَّ ، فلهُ كذا وكذا قال : فيستبقونَ إليهِ ، فيقعونَ على ظهرِهِ وصدرِه ، فيُقَبِّلَهُم ويَلْزَمُهُمْ. (أحمد)

പെരുന്നാൾ ദിവസം അമ്പുകൾ കൊണ്ടുള്ള പരമ്പരാഗതമായ പരിപാടി അവതരിപ്പിച്ച ഏത്യോപ്യക്കാരോട് അത് തുടരാൻ നബി (സ്വ) പറയുകയുണ്ടായി.

دُونَكم يا بَني أرفِدةَ”

(بخاري)

أي: تابِعوا اللَّعِبَ؛ ففيه إذنٌ، وتَنشيطٌ لهم.

വിനോദങ്ങൾ അനിയന്ത്രിതമായി മനുഷ്യനെ സ്വാധീനിക്കുകയും ജീവിതം തന്നെ വിനോദമാവുകയും ചെയ്യുന്നതിനെതിരെ ഇസ്‌ലാം ശക്തമായി താക്കീത് ചെയ്യുന്നുണ്ട്. കായികാഭ്യാസങ്ങളിൽ റസൂൽ ﷺ ഏർപ്പെട്ടതും പത്‌നി ആഇശ(റ)യുമായി തിരുനബി മത്സരിച്ചതും എത്യോപ്യക്കാർ പള്ളിയിൽ നടത്തിയ കായികാഭ്യാസങ്ങൾ നോക്കിക്കാണുവാൻ പ്രവാചകൻ ﷺ പത്‌നി ആഇശ(റ)ക്ക് അവസരമൊരുക്കിയതും ചരിത്രത്തിൽ പ്രസിദ്ധമാണ്. എന്നാൽ നിയമങ്ങൾ പാലിച്ചുകൊണ്ട് വേണം കളിയും. കാര്യം വിട്ട് കളിയില്ല. നമസ്‌കാരം കൃത്യസമത്ത് നിർവഹിക്കുന്നതിൽനിന്നും തടസ്സപ്പെടുത്തുന്ന വിധത്തിൽ ആയിരിക്കരുത് വിനോദങ്ങളോടുള്ള വിശ്വാസിയുടെ സമീപനം.

ഖുർആൻ പറയുന്നു:

وَالَّذِينَ هُمْ عَنِ اللَّغْوِ مُعْرِضُونَ

‘അനാവശ്യ കാര്യങ്ങളിൽനിന്നും തിരിഞ്ഞുകളയുന്നവരായിരിക്കും വിശ്വാസികൾ’ ( 23:3)

وَإِذَا سَمِعُوا اللَّغْوَ أَعْرَضُوا عَنْهُ وَقَالُوا لَنَا أَعْمَالُنَا وَلَكُمْ أَعْمَالُكُمْ سَلَامٌ عَلَيْكُمْ لَا نَبْتَغِي الْجَاهِلِينَ

വ്യര്‍ത്ഥമായ വാക്കുകള്‍ അവര്‍ കേട്ടാല്‍ അതില്‍ നിന്നവര്‍ തിരിഞ്ഞുകളയുകയും ഇപ്രകാരം പറയുകയും ചെയ്യും: ഞങ്ങള്‍ക്കുള്ളത്‌ ഞങ്ങളുടെ കര്‍മ്മങ്ങളാണ്‌. നിങ്ങള്‍ക്കുള്ളത്‌ നിങ്ങളുടെ കര്‍മ്മങ്ങളും. നിങ്ങള്‍ക്കു സലാം. മൂഢന്‍മാരെ ഞങ്ങള്‍ക്ക്‌ ആാ‍വശ്യമില്ല.

( 28:55).

*കളിക്കമ്പം ജ്വരവും ലഹരിയുമാവരുത്*

ഒരു കാര്യത്തിലും അമിതമായ സ്വാധീനമോ ആവേശമോ ഒരു വിശ്വാസിക്ക് ഉണ്ടാവാൻ പാടില്ല. കളിക്കുന്നതിലും കളി കാണുന്നതിലുമെല്ലാം ഒരു വിശ്വാസിയുടെ നിലപാട് അതായിരിക്കണം. കാരണം അവൻ ചെലവിടുന്ന സമയവും പണവും അവന്റെ നാഥൻ നൽകിയതാണ്. ഓരോ നിമിഷത്തിനും ഓരോ പൈസക്കും അവൻ അവന്റെ രക്ഷിതാവിന് മുമ്പിൽ കണക്ക് ബോധിപ്പിക്കേണ്ടി വരും. അതുകൊണ്ടുതന്നെ ഫുട്‌ബോൾ ഒരു ലഹരിയായി തീരാൻ പാടില്ല. ചില കളികളും കളിക്കാരും നമ്മിൽ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. ആ സ്വാധീനം ഒരു ലഹരിയായി മാറാതിരിക്കാൻ ശ്രദ്ധിക്കണം. പല ഉത്തരവാദിത്ത്വങ്ങളെക്കുറിച്ചും മറപ്പിക്കുകയും എല്ലാം മറന്ന് അവയിൽ ലയിച്ചുചേരുകയും ചെയ്യുന്ന ഏതൊന്നും ലഹരിയാണ്. മദ്യവും മയക്കുമരുന്നും മാത്രമല്ല ലഹരി; നാം വിനോദങ്ങളായി കാണുന്ന പലതും നമ്മുടെ ഉത്തരവാദിത്തബോധത്തെ തളർത്തുന്നുണ്ടെങ്കിൽ അതെല്ലാം നിഷിദ്ധങ്ങളായി ഗണിക്കപ്പെടേണ്ടതുണ്ട്.

*കളി ജമാഅത്തുകൾ നഷ്ടപ്പെടുത്തരുത്*

ലോകകപ്പിലെ മിക്ക കളികളും ഇന്ത്യയിൽ രാത്രിയിലും അർധരാത്രിക്ക് ശേഷവുമാണ് നടക്കുന്നത്. രാത്രിയാവുന്നതുവരെയുള്ള സമയങ്ങളിൽ കളി കാണുന്നവർ പകലിലും രാത്രിയിലും നടക്കുന്ന ജമാഅത്ത് നമസ്‌കാരങ്ങൾക്ക് ഭംഗം വരാത്ത വിധമായിരിക്കണം അത് കാണേണ്ടത്. ഫുട്‌ബോൾ ലഹരി ഒരിക്കലും ജമാഅത്ത് നമസ്‌കാരത്തിൽനിന്ന് ഒരു വിശ്വാസിയെയും പിറകോട്ടെടുപ്പിക്കരുത്.

*ഉറക്കൊഴിയരുത്:*

ഖുർആൻ:

وَجَعَلْنَا نَوْمَكُمْ سُبَاتًا

നിങ്ങളുടെ ഉറക്കത്തെ നാം വിശ്രമമാക്കുകയും ചെയ്തിരിക്കുന്നു.

وَجَعَلْنَا اللَّيْلَ لِبَاسًا

രാത്രിയെ നാം ഒരു വസ്ത്രമാക്കുകയും ചെയ്തു.

وَجَعَلْنَا النَّهَارَ مَعَاشًا

പകലിനെ നാം ജീവസന്ധാരണവേളയാക്കുകയും ചെയ്തിരിക്കുന്നു.

(78: 9, 10, 11 )

*ഫാൻസ് (ആരാധകർ)*

ഫുഡ്ബോൾ എന്ന കളിയെ ഏറെ ഇഷ്ടപ്പെടുന്നവർക്ക് ഏതെങ്കിലും ടീമിനോടോ കളിക്കാരോടോ പ്രത്യേക താൽപര്യം ഉണ്ടാവുക സ്വാഭാവികമാണ്. എന്നാൽ ആ താൽപര്യം ആരാധനയായി പരിവർത്തിക്കപ്പെടുന്നതും അവരുടെ ഫാൻസുകളും അടിമകളുമായിത്തീരുന്നതും ശരിയല്ല.

സകലതെരുവുകളിലും കുഗ്രാമങ്ങളിൽ പോലും പതിനായിരങ്ങളും ലക്ഷങ്ങളും മുടക്കിയുള്ള കൂറ്റൻ ബോർഡുകളും കട്ടൗട്ടുകളുമാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഭക്ഷണത്തിന് വകയില്ലാത്തവരും ഒരു തൊഴിലോ വരുമാനമോ ഇല്ലാത്തവരും ഈ ദുർവ്യയത്തിൽ പങ്കുചേരുന്നു എന്നതാണ് ആശ്ചര്യകരം. ഇത് കാൽപന്തിനോടുള്ള സ്‌നേഹമല്ല, മറിച്ച് മനസ്സിൽ കെട്ടിയുയർത്തിയിട്ടുള്ള തന്റെ ഫുഡ്ബോൾ ഹീറോയോടുള്ള വീരാരാധനയുടെ ബഹിർസ്ഫുരണം മാത്രമാണ്.

സ്നേഹവും കളി താൽപര്യവും അതിര് വിട്ട് ആരാധനയിലേക്കെത്തുമ്പോൾ വളരെ അപകടമാണ്. അല്ലാഹു വിനെ മാത്രമേ ആരാധിക്കാവൂ.ഫാൻസ് എന്നത് വ്യക്തി ആരാധനയാക്കുന്നത് ശിർക്കിൻ്റെ പോലും കാരണമാകും.

അതുപോലെ ദുർവ്യയം പാടില്ല

ഖുർആൻ:

إِنَّ الْمُبَذِّرِينَ كَانُوا إِخْوَانَ الشَّيَاطِينِ ۖ وَكَانَ الشَّيْطَانُ لِرَبِّهِ كَفُورًا

തീര്‍ച്ചയായും ദുര്‍വ്യയം ചെയ്യുന്നവര്‍ പിശാചുക്കളുടെ സഹോദരങ്ങളാകുന്നു. പിശാച്‌ തന്‍റെ രക്ഷിതാവിനോട്‌ ഏറെ നന്ദികെട്ടവനാകുന്നു.

17:27).

കളിയെ സ്പോർട്സ് മാൻ സ്പിരിറ്റിൽ ഉൾക്കൊള്ളുന്നതിന് പകരം വ്യക്തിയോട് ആരാധനയും ആരാഷ്ട്രത്തോട് ദേശീയ പ്രതിബദ്ധതയും പാടില്ല. ഇന്ത്യയെ ആധ്യത്തെ അധിനിവേശികളും ക്രൂരന്മാരുമായ പോർച്ചുഗലിനെയും ഇസ്ലാമിക വിരുദ്ധ രാജ്യങ്ങളേയും അന്തമായി ഉൾക്കൊണ്ട് അവരുടെ പതാക കെട്ടി നടക്കുന്നതും ശരിയായ രീതിയല്ല.

*സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബാ*

സംസ്ഥാന കമ്മിറ്റി

(25/11/2022)

Exit mobile version