വെള്ളം കുടി മുട്ടും…! പാലിനും മദ്യത്തിനും വില കൂട്ടി, വിദേശമദ്യത്തിന് നികുതി 251%

വലിയ രീതിയില്‍ വില വര്‍ധിപ്പിക്കുന്നത് ജനരോഷമുണ്ടാകുമെന്നു കണക്കിലെടുത്താണ് ആറുരൂപയാക്കി നിജപ്പെടുത്തിയത്.

alcohol

തിരുവനന്തപുരം: സംസ്ഥാനത്ത് പാല്‍ ലീറ്ററിന് ആറുരൂപ വര്‍ധിപ്പിക്കാന്‍ മന്ത്രിസഭാ തീരുമാനം. വില വര്‍ധന എന്ന് മുതല്‍ നടപ്പിലാക്കണമെന്ന് മില്‍മയ്ക്ക് തീരുമാനിക്കാമെന്നും മന്ത്രിസഭ നിശ്ചയിച്ചു. തൈര്, നെയ്യ് തുടങ്ങിയവയ്ക്കും വില വര്‍ധിക്കുമെങ്കിലും എത്ര രൂപ വരെ എന്നു തീരുമാനിച്ചിട്ടില്ലെന്നു മില്‍മ ചെയര്‍മാന്‍ കെ.എസ്.മണി പറഞ്ഞു.

പാല്‍വില ലീറ്ററിനു 8.57 കൂട്ടണമെന്നാണ് വില വര്‍ധന പഠിക്കാന്‍ നിയോഗിച്ച രണ്ടംഗ കമ്മിറ്റി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തത്. എന്നാല്‍ വലിയ രീതിയില്‍ വില വര്‍ധിപ്പിക്കുന്നത് ജനരോഷമുണ്ടാകുമെന്നു കണക്കിലെടുത്താണ് ആറുരൂപയാക്കി നിജപ്പെടുത്തിയത്. വര്‍ധിപ്പിക്കുന്ന ഓരോ രൂപയ്ക്കും 88 പൈസ കര്‍ഷകന് നല്‍കാനാണ് നിലവിലെ തീരുമാനം.

also read: സ്വന്തം നാട് പോലെ പരിപാലിക്കും…! ലോകകപ്പ് ആവേശത്തില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്ക് മാതൃകയായി ജപ്പാന്‍ ആരാധകര്‍; കളികഴിഞ്ഞ് സ്റ്റേഡിയത്തിലെ ചവറുകളെല്ലാം പെറുക്കിമാറ്റി

വില്‍ക്കുന്ന ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ വില്‍പന നികുതി 4 ശതമാനവും ബവ്‌റിജസ് കോര്‍പറേഷനുള്ള കൈകാര്യച്ചെലവ് ഒരു ശതമാനവും ഉയര്‍ത്താന്‍ മന്ത്രിസഭ തീരുമാനിച്ചു. വില്‍പനവിലയില്‍ 2% വര്‍ധനയാണ് ഉണ്ടാവുകയെന്ന് അധികൃതര്‍ അറിയിച്ചു. 10 രൂപ മുതല്‍ വര്‍ധനയാണു പ്രതീക്ഷിക്കുന്നത്.

സംസ്ഥാനത്ത് വിദേശ മദ്യം നിര്‍മിക്കുകയും വില്‍ക്കുകയും ചെയ്യുന്ന ഡിസ്റ്റിലറികളില്‍ നിന്ന് ഈടാക്കുന്ന 5% വിറ്റുവരവു നികുതി ഒഴിവാക്കും. ഇതു മൂലമുള്ള നഷ്ടം നികത്താനാണ് ഇപ്പോഴത്തെ വര്‍ധന. വില്‍പന നികുതി വര്‍ധനയ്ക്കുള്ള ബില്‍ ഡിസംബര്‍ 5ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്‍ കൊണ്ടു വരും.

നിലവില്‍ വിദേശ മദ്യത്തിനു കേരളത്തില്‍ 247% ആണ് വില്‍പന നികുതി. വര്‍ധന വരുന്നതോടെ ഇത് 251% ആയി ഉയരും. 1000 രൂപ വിലയുള്ള മദ്യത്തിന് 2510 രൂപ വില്‍പന നികുതി ഈടാക്കും. രാജ്യത്ത് മദ്യത്തിന് ഏറ്റവും ഉയര്‍ന്ന നികുതി ഈടാക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം.

Exit mobile version