ആയിരം പവനും റേഞ്ച് റോവര്‍ കാറും സ്ത്രീധനം നല്‍കി വിവാഹം: മരുമകന്‍ 107 കോടി രൂപ തട്ടിയെടുത്തതായി ആലുവ സ്വദേശി

കൊച്ചി: മകളുടെ ഭര്‍ത്താവ് തവണയായി 107 കോടി രൂപ തട്ടിയെടുത്തെന്ന് പരാതിയുമായി വ്യവസായി രംഗത്ത്. വിദ്യാഭ്യാസരംഗത്തെ സംരംഭകനുമായ അബ്ദുളാഹിര്‍ ഹസനാണ് മരുമകന്‍ മുഹമ്മദ് ഹാഫിസിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. ആലുവ പോലീസിലാണ് പരാതി നല്‍കിയത്.

ആയിരം പവന്‍ സ്വര്‍ണവും റേഞ്ച് റോവര്‍ കാറും സ്ത്രീധനവുമായി വാങ്ങിയ മരുമകനാണ് തട്ടിപ്പ് നടത്തിയതെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. കേസില്‍ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടുണ്ട്. മുന്‍ ഡിഐജിയും വ്യവസായിയുമായ മുഹമ്മദ് ഹസന്റെ മകനാണ് പരാതിക്കാരനായ അബ്ദുളാഹിര്‍ ഹസന്‍.

ഇക്കഴിഞ്ഞ ഓഗസ്റ്റ് 21നാണ് അബ്ദുളാഹിര്‍ ഹസന്‍ ആലുവ ഈസ്റ്റ് പോലീസില്‍ മരുമകനെതിരെ പരാതി നല്‍കിയത്. 2019 ഓഗസ്റ്റ് മുതല്‍ 2021 നവംബര്‍ വരെ ബിസിനസ് ആവശ്യങ്ങളും മറ്റും പറഞ്ഞ് 104 കോടി രൂപയാണ് മരുമകന്‍ തട്ടിയെടുത്തതെന്ന് ഇദ്ദേഹം പരാതിയില്‍ പറയുന്നു.

മരുമകന് പണം കൈമാറിയതിന്റെ ബാങ്ക് ഇടപാടുകളുടെ രേഖകള്‍ സഹിതം സമര്‍പ്പിച്ചാണ് അബ്ദുളാഹിര്‍ ഹസന്‍ പരാതി നല്‍കിയത്. മരുമകന്‍ ആദായനികുതിയുടെ വ്യാജനോട്ടീസ് ചമച്ചതായും പരാതിയില്‍ ആരോപിച്ചിട്ടുണ്ട്. മഹാരാഷ്ട്രാ മന്ത്രിയുമായി ബിസിനസ് നടത്താനെന്ന പേരിലും പണം വാങ്ങി. കൂടാതെ വിവിധ സ്ഥലങ്ങളില്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്കുമായും തന്റെ കൈയില്‍നിന്ന് പണം വാങ്ങിയതായും അബ്ദുളാഹിര്‍ ഹസന്‍ പരാതിയില്‍ പറയുന്നു.

ഒരു മകള്‍ മാത്രമാണ് തനിക്കുള്ളതെന്നും, മകളെയും കുഞ്ഞിനെയും ഓര്‍ത്താണ് ചോദിക്കുമ്പോഴൊക്കെ കാശ് നല്‍കിക്കൊണ്ടിരുന്നതെന്നും അബ്ദുളാഹിര്‍ ഹസന്‍ പറഞ്ഞു. ബംഗളുരു കേന്ദ്രീകരിച്ചുള്ള റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്കായാണ് പണം വാങ്ങിയിരുന്നത്. കോവിഡ് കഴിയുമ്പോള്‍ മടക്കി നല്‍കാമെന്നും അറിയിച്ചു. എന്നാല്‍ ബംഗളുരു കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ നടന്നിട്ടില്ലെന്ന് വ്യക്തമായത്. ഇതോടെയാണ് പരാതി നല്‍കാന്‍ തയ്യാറായതെന്നും അബ്ദുളാഹിര്‍ ഹസന്‍ പറഞ്ഞു.

ഭര്‍ത്താവ് തട്ടിപ്പുകാരനാണെന്ന് ബോധ്യമായതോടെ അബ്ദുളാഹിറിന്റെ മകള്‍ ഹാജിറ വിവാഹമോചനത്തിന് പരാതി നല്‍കി. വിവാഹസമയത്ത് നല്‍കിയ ആയിരം പവന്‍ സ്വര്‍ണവും ഒന്നേകാല്‍ കോടിയുടെ റേഞ്ച് റോവര്‍ കാറും ഭര്‍ത്താവ് തട്ടിയെടുത്തതായും യുവതി വിവാഹമോചന പരാതിയില്‍ ആരോപിച്ചിട്ടുണ്ട്

Exit mobile version