‘അര്‍ജന്റീനയുടെ കളി കാണണം, മകന് ഉച്ചയ്ക്ക് ശേഷം ലീവ് അനുവദിക്കണം’: വൈറലായ ലീവ് ലെറ്ററിലെ അച്ഛനും മകനും ഇതാ

കോഴിക്കോട്: കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു ലീവ് ലെറ്റര്‍ ഉണ്ടായിരുന്നു. അര്‍ജന്റീന ടീമിന്റെ കടുത്ത ആരാധകനായ മകന് വേണ്ടി അച്ഛന്‍ എഴുതിയ ഒരു ലീവ് ലെറ്റര്‍.

ഖത്തര്‍ ലോകകപ്പില്‍ ചൊവ്വാഴ്ച്ച വൈകുന്നേരം 3.30ന് നടക്കുന്ന അര്‍ജന്റീനയും സൗദി അറേബ്യയും തമ്മിലുള്ള മത്സരം കാണാന്‍ മകന് ലീവ് അനുവദിച്ചു നല്‍കണമെന്നായിരുന്നു അപേക്ഷ.

കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയായ സുനില്‍ കുമാറും അഞ്ചാം ക്ലാസുകാരനായ മകന്‍ പാര്‍ത്ഥിവുമായിരുന്നു കഥയിലെ അച്ഛനും മകനും. ഗോവിന്ദപുരം എയുപി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ് പാര്‍ത്ഥിവ്. കോഴിക്കോട് ഇലക്ട്രിക് ഷോപ്പിലെ ജീവനക്കാരനാണ് സുനില്‍ കുമാര്‍.

Read Also: കുഞ്ഞുമനസ്സിലെ വലിയ നന്മ: ഓണവും വിഷുവുമൊക്ക ആഘോഷിക്കാന്‍ വച്ച പൈസയുമായി നിധിന്‍ എത്തി: ചേര്‍ത്ത് പിടിച്ച് കലക്ടര്‍

‘കളിയുണ്ടെന്നും സ്‌കൂളില്‍ പോകില്ലെന്നും അവന്‍ ഒരാഴ്ച്ച മുമ്പ് തന്നെ പറയുന്നുണ്ട്. ഞാന്‍ ടീച്ചറോട് പറയാന്‍ പറഞ്ഞു. അച്ഛന്റെ സമ്മതപത്രം ഉണ്ടെങ്കില് ലീവ് തരാം എന്നാണ് ടീച്ചര്‍ അവനോട് പറഞ്ഞത്. അത് അവന്‍ എന്നോട് വന്ന് പറഞ്ഞു. ഞാന്‍ കാര്യമാക്കിയില്ല.

കഴിഞ്ഞ വെള്ളിയാഴ്ച്ച വന്ന് പറഞ്ഞ് ലീവ് ലെറ്റര്‍ വേണം എന്ന്. ഒരു മണി ആകുമ്പോ കൂട്ടാന്‍ വരാമെന്നും എന്തെങ്കിലും പരിപാടി ഉണ്ടെന്ന് കള്ളം പറയാമെന്നും ഞാന്‍ പറഞ്ഞു. പക്ഷേ അവന്‍ അത് സമ്മതിച്ചില്ല. അര്‍ജന്റീനയുടെ കളി ഉള്ളതുകൊണ്ട് ലീവ് വേണം എന്നുതന്നെ എഴുതാന്‍ പറഞ്ഞു. ഇന്നലെ രാവിലെ പേനയും പേപ്പറുമായി വന്നു. അങ്ങനെയാണ് അത് എഴുതിയത്.’ സുനില്‍ കുമാര്‍ പറയുന്നു.

കടുത്ത അര്‍ജന്റീന ആരാധകനാണ് പാര്‍ത്ഥിവ്. കഴിഞ്ഞ ലോകകപ്പ് മുതലാണ് ഈ ആവേശം തുടങ്ങിയത്. അര്‍ജന്റീനയുടെ ചെറിയ പതാകകളും നീലയും വെള്ളയും നിറത്തിലുള്ള തോരണങ്ങളും കൊണ്ട് മകന്‍ വീട് അലങ്കരിച്ചുവെച്ചിട്ടുണ്ടെന്നും സുനില്‍ കുമാര്‍ പറയുന്നു.

Exit mobile version