യാത്രയയപ്പിനിടെ പൊട്ടി കരഞ്ഞ് വിദ്യാര്‍ഥികള്‍: കുഞ്ഞുമക്കളെ കാണാന്‍ മധുരവുമായി ടീച്ചര്‍ വീണ്ടുമെത്തി

കാസര്‍കോട്: യാത്രയയപ്പിനിടെ പൊട്ടി കരഞ്ഞ പ്രിയപ്പെട്ട കുട്ടികളെ കാണാന്‍ ആയിഷത്ത് അംസീറ ടീച്ചര്‍ വീണ്ടും എത്തി. ശിശുദിനത്തിലാണ് തന്റെ കുഞ്ഞുക്കള്‍ക്ക് മധുരവുമായി അധ്യാപിക എത്തിയത്.

വിദ്യാനഗര്‍ ബെദിര പാണക്കാട് തങ്ങള്‍ എയുപി സ്‌കൂള്‍ അങ്കണമാണ് അധ്യാപികയും വിദ്യാര്‍ഥികളും തമ്മിലുള്ള ഊഷ്മള സ്‌നേഹബന്ധത്തിനു സാക്ഷിയായത്. സ്‌കൂളിലെ താല്‍ക്കാലിക അധ്യാപിക ചെട്ടുംകുഴിയിലെ ആയിഷത്ത് അംസീറയായിരുന്നു ആ പ്രിയപ്പെട്ട ടീച്ചര്‍.

സ്‌കൂളില്‍ നിന്ന് പോകുന്ന വിവരം പഠിപ്പിച്ചിരുന്ന രണ്ടാം ക്ലാസിലെ വിദ്യാര്‍ഥികളോടു പറഞ്ഞു. ഇത് കേട്ടയുടനെ കുട്ടികള്‍ ഒന്നടങ്കം കരയുകയായിരുന്നു. ഈ രംഗം സ്‌കൂളിലെ ഒരു അധ്യാപകന്‍ മുഹമ്മദ് ആഷിഖ് മൊബൈലില്‍ പകര്‍ത്തി ക്ലാസ് ഗ്രൂപ്പുകളില്‍ പോസ്റ്റ് ചെയ്തു.

ദിവസങ്ങള്‍ക്കുള്ളില്‍ ഈ വീഡിയോ വൈറലായി. ഇതിനിടയിലാണ് തിങ്കളാഴ്ച രാവിലെ തന്റെ കുട്ടികളെ കാണാന്‍ കൈ നിറയെ മധുരവുമായി അംസീറ രണ്ടാം ക്ലാസിലെത്തിയത്. ടീച്ചറെ കണ്ടതോടെ എല്ലാവരുടെയും മുഖത്ത് സന്തോഷം നിറഞ്ഞു.

അല്‍പനേരം ടീച്ചര്‍ ക്ലാസുമെടുത്തു. കുട്ടികളോട് യാത്ര ചോദിക്കാതെ പുറത്തിറങ്ങിയപ്പോള്‍ ഏതാനും കുട്ടികള്‍ അംസീറയുടെ കൈ പിടിച്ചു. ഇനിയും വരാമെന്നു പറഞ്ഞ് കുട്ടികളെ സമാധാനപ്പെടുത്തിയാണ് ടീച്ചര്‍ മടങ്ങിയത്.

ചെട്ടുംകുഴിയിലെ സിഎ ഹസന്റെയും ഫൗസിയയുടെയും മകളാണ് അംസീറ. ഉദുമ പാക്യാരയിലെ അബ്ബാസിന്റെയും ഷെരീഫയുടെയും മകന്‍ ഖത്തറില്‍ ജോലി ചെയ്യുന്ന മുജീബ് റഹ്‌മാനാണ് ആയിഷയുടെ പ്രതിശ്രുത വരന്‍. നവംബര്‍ 27നാണ് ആയിഷയുടെ കല്ല്യാണം.

Exit mobile version