പോപ്പുലര്‍ ഫ്രണ്ടിന്റെ പതാകയാണെന്ന് കരുതി പോര്‍ച്ചുഗല്‍ പതാക വലിച്ചുകീറി; ബിജെപി പ്രവര്‍ത്തകന്റെ വീഡിയോ വൈറല്‍; മദ്യലഹരിയിലെന്ന് വിശദീകരണം

ലോകമെങ്ങും ഫുട്‌ബോള്‍ ലോകകപ്പിന്റെ ലഹരിയിലാണ്. കേരളത്തിലും ലോകകപ്പിനെ വരവേല്‍ക്കുന്ന ആഘോഷങ്ങള്‍ക്ക് കുറവില്ല. കവലകളിലെല്ലാം വിവിധ രാജ്യങ്ങളുടെ പതാക കൊണ്ട് അലങ്കരിക്കുകയാണ് ആരാധകര്‍.

ഇപ്പോഴിതാ, ഖത്തര്‍ ലോകകപ്പിന്റെ ആഘോഷങ്ങളുടെ ഭാഗമായി മെസിയുടെയും റൊണാള്‍ഡോയുടെയും നെയ്മറിന്റെയുമൊക്കെ കട്ടൗട്ടുകള്‍ എല്ലാ കോണുകളിലും നിറഞ്ഞിരിക്കുകയാണ്. ഇതിനിടെ കണ്ണൂരില്‍ രസകരമായ ഒരു സംഭവം നടന്നിരിക്കുകയാണ്.

പോപുലര്‍ ഫ്രണ്ടിന്റെ പതാകയെന്ന് തെറ്റിദ്ധരിച്ച് പോര്‍ച്ചുഗല്‍ പതാക വലിച്ചുകീറി കളഞ്ഞ ബിജെപി പ്രവര്‍ത്തകനാണ് എല്ലാവരേയും ചിരിപ്പിച്ചിരിക്കുന്നത്. പതാക കീറുന്നതിന്റെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

കണ്ണൂര്‍ ജില്ലയിലെ പാനൂര്‍ വൈദ്യര്‍പീടികയിലാണ് ഇന്നലെ വൈകിട്ടോടെ സംഭവം നടന്നത്. ഖത്തര്‍ ലോകകപ്പിനോട് അനുബന്ധിച്ച് ടൗണില്‍ പോര്‍ച്ചുഗീസ് ആരാധകര്‍ കെട്ടിയ പതാകയാണ് ബിജെപി പ്രവര്‍ത്തകന്‍ വലിച്ചുകീറിയത്.

ALSO READ-അഭിമാന നിമിഷം: ജി-20 അധ്യക്ഷ പദവി ഔദ്യോഗികമായി ഏറ്റെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി

പതാക വലിച്ചുകീറിയിട്ടും ‘കലി’ തീരാതെ യുവാവ് വീണ്ടും കീറിപ്പറിക്കുകയാണ് പതാക. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്.

അതേസമയം, ഇയാള്‍ മദ്യലഹരിയിലാണ് ഇങ്ങനെ ചെയ്തതെന്ന് പാനൂര്‍ പോലീസ് പറഞ്ഞു. ഏറെക്കാലം വിദേശത്ത് ജോലി ചെയ്തിരുന്ന ഇദ്ദേഹം ഈയടുത്താണ് നാട്ടിലേക്ക് മടങ്ങിയെത്തിയത്.

Exit mobile version