36 വര്‍ഷങ്ങള്‍ക്ക് ശേഷം പത്താംക്ലാസിലെ ആ സഹപാഠികള്‍ ജീവിതയാത്രയില്‍ ഒരുമിച്ചു; അമ്പതാം വയസില്‍ ഹരിദാസ് സുമതിയെ നല്ലപാതിയാക്കി

കോഴിക്കോട്: നീണ്ട 36 വര്‍ഷങ്ങള്‍ക്ക് ശേഷം പത്താംക്ലാസിലെ ആ സഹപാഠികള്‍ ജീവിതത്തിലും ഒന്നിച്ചു. അമ്പതാം വയസില്‍ സഹപാഠികളുടെ സാന്നിധ്യത്തില്‍ ഹരിദാസ് സുമതിക്ക് താലിചാര്‍ത്തി. പന്നിത്തടം അരിക്കാട്ടിരി വീട്ടില്‍ പരേതനായ വേലായുധന്റെ മകളായ എവി സുമതിയും അകതിയൂര്‍ കാഞ്ചിയത്ത് വീട്ടില്‍ ശങ്കരനാരായണന്റെ മകനായ കലാമണ്ഡലം ഹരിദാസനുമാണ് ചൊവ്വാഴ്ച പുതുജീവിതം ആരംഭിച്ചത്.

1986-ല്‍ കുന്നംകുളം മരത്തന്‍കോട് സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥികളായിരുന്നു സുമതിയും ഹരിദാസനും. ഏതാനും വര്‍ഷം മുമ്പ് സഹപാഠികള്‍ ഒത്തുചേര്‍ന്നപ്പോഴാണ് തങ്ങളുടെ കൂട്ടത്തിലുള്ള രണ്ടുപേര്‍ മാത്രം ഇപ്പോഴും അവിവാഹിതരായി തുടരുന്ന കാര്യം അറിയുന്നത്. തുടര്‍ന്ന് കല്യാണ ആലോചനയായി. എന്നാല്‍ സുമതിയും ഹരിദാസനും അന്ന് വിസമ്മതിച്ചു.

പിന്നെയും വര്‍ഷങ്ങള്‍ കടന്ന് പോയി. കോവിഡിന് ശേഷം കൂട്ടുകാര്‍ ഒന്നിച്ചപ്പോള്‍ വീണ്ടും അവര്‍ക്കിടയില്‍ കല്യാണക്കാര്യം ചര്‍ച്ചയായി. അന്ന് ക്ലാസ് ലീഡറായിരുന്ന സതീശന്‍ മരത്തംകോട് ഇരുവരോടും വീണ്ടും സംസാരിച്ചു. ഇതിനിടയില്‍ വീട്ടുകാരും പിന്തുണച്ചതോടെ വിവാഹം കഴിക്കാന്‍ സുമതിയും ഹരിദാസനും സമ്മതം മൂളുകയായിരുന്നു.

Read Also:മക്കളായാല്‍ ഇങ്ങനെ വേണം! അമ്മയ്ക്ക് സര്‍പ്രൈസായി സ്വര്‍ണ മാല സമ്മാനിച്ച് മകന്‍; വീഡിയോ

ചിറമനങ്ങാട് കുന്നമ്പത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ വച്ച് അമ്പതാം വയസ്സില്‍ ഹരിദാസന്‍ സുമതിയ്ക്ക് താലി ചാര്‍ത്തി ജീവിതപാതിയാക്കി. കല്യാണ ഒരുക്കങ്ങള്‍ക്ക് മുന്‍പന്തിയില്‍ നിന്നത് സഹപാഠികളുമാണ്.

പഠിക്കുന്ന കാലത്ത് രണ്ട് രാഷ്ട്രീയ ചേരികളിലായിരുന്നു സുമതിയും ഹരിദാസനും. എസ്എഫ്‌ഐയിലൂടെ രാഷ്ട്രീയത്തിലെത്തിയ സുമതി ഇപ്പോള്‍ ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ്. മികച്ച തിമില വാദകനും പഞ്ചവാദ്യകലാകാരനുമായ ഹരിദാസ് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്.

Exit mobile version