കാത്തിരുന്ന് പണി തീര്‍ത്ത വീടിന്റെ ഗൃഹപ്രവേശനം ക്ഷണിക്കാന്‍ പോകവെ 25കാരന് ദാരുണമരണം; ചികിത്സ ലഭിക്കാതെ റോഡില്‍ കിടന്നത് അരമണിക്കൂര്‍; ഒടുവില്‍ ചേതനയറ്റ് പുതിയ വീട്ടിലേക്ക്

തിരുവനന്തപുരം: കാത്തിരുന്ന പണി തീര്‍ത്ത് വീട്ടില്‍ അന്തിയുറങ്ങാന്‍ കൊതിച്ച യുവാവിന് ഗൃഹപ്രവേശച്ചടങ്ങ് ക്ഷണിക്കാന്‍പോകുന്നതിനിടെ ദാരുണ മരണം. അടുത്തയാഴ്ച നിശ്ചയിച്ച ചടങ്ങിലേക്ക് ബന്ധുക്കളെ ക്ഷണിക്കാന്‍ പുറപ്പെട്ടതായിരുന്നു. ഇതിനിടെയാണ് ബൈക്കപകടത്തിന്റെ രൂപത്തില്‍ മരണമെത്തിയത്.

നഗരൂര്‍ ചെമ്മരത്തുമുക്ക് രാലൂര്‍ക്കാവ് പുതുശേരി വിളാകത്ത് വീട്ടില്‍ എം സ്വാമിദാസിന്റെയും അങ്കണവാടി അധ്യാപിക ജിഎസ് രാജേശ്വരിയുടെയും മകന്‍ എസ്ആര്‍ സിബിന്‍ (25) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 10.40-ന് കിളിമാനൂര്‍-ആലംകോട് റോഡില്‍ ചൂട്ടയില്‍ മുസ്ലിം പള്ളിക്ക് മുന്നിലായിരുന്നു അപകടം.

വിദേശത്ത് ജോലിചെയ്യുകയാണ് സിബിന്‍. രാലൂര്‍ക്കാവില്‍ പണികഴിപ്പിച്ച പുതിയ വീടിന്റെ ഗൃഹപ്രവേശ ചടങ്ങുകള്‍ക്കായാണ് കഴിഞ്ഞമാസം നാട്ടിലെത്തിയത്. ഇതിനിടെ ബന്ധുവീട്ടിലേക്ക് പോയ യുവാവ് ഓടിച്ച ബൈക്ക് ചാറ്റല്‍മഴയെ തുടര്‍ന്ന് റോഡില്‍നിന്നു തെന്നിമാറി റോഡരികിലെ മൈല്‍കുറ്റിയിലിടിക്കുകയായിരുന്നു. തുടര്‍ന്ന് സിബിന്‍ ഓടയ്ക്കുള്ളിലേക്ക് തലയിടിച്ച് വീഴുകയുമായിരുന്നുവെന്നാണ് കരുതുന്നത്.

also read- ആമസോണ്‍ പതിനായിരം ജീവനക്കാരെ പിരിച്ചുവിടുന്നു; ചെലവ് ചുരുക്കല്‍ നടപടിയെന്ന് വിശദീകരണം

അതേസമയം, അപകടസമയത്ത് സമീപത്ത് മറ്റാരും ഇല്ലാത്തതിനാല്‍ അരമണിക്കൂറോളം സിബിന്‍ റോഡില്‍ രക്തം വാര്‍ന്ന് കിടന്നു. അപകടവിവരമറിഞ്ഞ് പോലീസും സിബിന്റെ സുഹൃത്തുക്കളും എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തുടര്‍ന്ന് സിബിന്‍ പുതുതായി നിര്‍മിച്ച വീട്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചു. തുടര്‍ന്ന് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. എസ്ആര്‍ സിജിനാണ് സഹോദരന്‍.

Exit mobile version