കോഴഞ്ചേരി: എട്ടാംക്ലാസ് വിദ്യാര്‍ത്ഥികളായ ഹരികൃഷ്ണനും ഋഷികേശും ചേര്‍ന്നുണ്ടാക്കിയ അത്ഭുത കണ്ണടയുടെ വാര്‍ത്തകളാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. ആന്റി സ്ലീപ്പിങ് അലാറം എന്നാണ് കണ്ണടയുടെ പേര്. ഈ കണ്ണടവെച്ച ഡ്രൈവര്‍ കണ്ണടച്ചാല്‍ അലാറം മുഴങ്ങും.
ഡ്രൈവര്‍ ഉറങ്ങിപ്പോകുന്നതിലൂടെയുണ്ടാവുന്ന അപകടങ്ങള്‍ കുറക്കാന്‍ ഇൗ കണ്ണടയിലൂടെ സാധിക്കുമെന്നാണ് ഹരികൃഷ്ണനും ഋഷികേശും പറയുന്നത്. പള്ളിക്കല്‍ കോട്ടപ്പുറത്ത് പുത്തന്‍പുരക്കല്‍ ശിവപ്രസാദിന്റെയും അനിതയുടെയും മകനാണ് ഹരികൃഷ്ണന്.
പള്ളിക്കല്‍ മാധവം അനില്‍കുമാറിന്റെയും സുജാതയുടെയും മകനാണ് ഋഷികേശ്. ഇരുവരും നൂറനാട് പള്ളിക്കല്‍ പിയുഎസ്എം എച്ച്എസിലെ വിദ്യാര്‍ത്ഥികളാണ്. കണ്ണടയുടെ ഫ്രെയിമില്‍ കണ്ണിന്റെ ചലനം മനസ്സിലാക്കുന്നതിനുള്ള ഇന്‍ഫ്രാറെഡ് സെന്‍സറും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള അര്‍ഡിനോ ചിപ്പും ബസറും ആണ് ഘടിപ്പിച്ചിട്ടുള്ളത്.
കേരളത്തില്‍ റോഡ് അപകടങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഈ കണ്ണടയുടെ ആവശ്യകതയും പ്രായോഗികതയും വളരെ വലുതാണ്. ഇലക്ട്രോണിക്സിന്റെ അടിസ്ഥാന തത്വങ്ങള്‍ അനുസരിച്ച് നിര്‍മ്മിച്ച കണ്ണട വളരെ ചെലവുകുറഞ്ഞ രീതിയില്‍ നിര്‍മിക്കാന്‍ കഴിയുന്നു എന്നതും ശ്രദ്ധേയമാണ്.
Discussion about this post