കൊല്ലം: മോട്ടര്‍ വാഹന വകുപ്പിന്റെ നിര്‍ദേശ പ്രകാരം ടൂറിസ്റ്റ് ബസ് വെള്ള പൂശാന്‍ പോയപ്പോള്‍ അവസരം മുതലെടുത്ത് കല്ല്യാണത്തിന് ഓടിയെത്തി കെഎസ്ആര്‍ടിസി ലോഫ്ലോര്‍ എസി ബസ്. കൊല്ലം ഇടവട്ടം സ്വദേശിയുടെ ചങ്ങനാശേരിയില്‍ നടന്ന വിവാഹത്തിനായാണു കെഎസ്ആര്‍ടിസി ലോഫ്ലോര്‍ എസി ബസുകള്‍ താരമായത്.
പൊരീക്കല്‍ ഇടവട്ടം ഗ്രീഷ്മത്തില്‍ റിട്ട.തഹസില്‍ദാര്‍ ഡി.രാജന്‍പിള്ളയുടെ മകന് ഹേമന്ദ് രാജിന്റെ വിവാഹത്തിനായി ബുക്ക് ചെയ്തിരുന്ന ടൂറിസ്റ്റ് ബസുകളാണ് സമയത്തു കിട്ടാതിരുന്നത്. വെള്ളനിറം അടിക്കാന്‍ സമയം കിട്ടാത്തതിനാല്‍ ബസുടമകള്‍ ബുക്കിങ് റദ്ദാക്കുകയായിരുന്നു.
തുടര്‍ന്നാണു കെഎസ്ആര്‍ടിസിയെ സമീപിച്ചതും വരന്റെ കൂട്ടര്‍ക്കായി തിരുവനന്തപുരം ഡിപ്പോയില്‍ നിന്നു ബുക്ക് ചെയ്ത ബസുകള്‍ എത്തിയതും. കണ്ടക്ടര്‍ ഇല്ലാതെയായിരുന്നു യാത്ര. കറുകച്ചാല്‍ ഇന്ദിരാ മന്ദിരത്തില്‍ കെ.എം.സുധീഷ് ബാബുവിന്റെ മകള്‍ എസ്.കാവ്യയുമായിട്ടായിരുന്നു ഹേമന്ദിന്റെ വിവാഹം.
വരന്റെ വീട്ടുകാര്‍ 6 ലോഫ്ലോര്‍ ബസും വധുവിന്റെ വീട്ടുകാര്‍ 3 എണ്ണവുമാണ് ഏര്‍പ്പാടാക്കിയത്. തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയാണ് ഇത്തരം യാത്രകള്‍ക്കുള്ള സര്‍വീസുകള്‍ ഏകോപിപ്പിക്കുന്നത്. സ്കൂളുകള്‍ക്കും കോളജുകള്‍ക്കും കല്യാണത്തിനുമായി ഇതുവരെ 63 ബസുകള്‍ നല്കി. 18 ലക്ഷം രൂപ വരുമാനവും ലഭിച്ചു. ബുക്കിങ്ങിന്: 8078023692.
Discussion about this post