കൊല്ലം: ബലാത്സംഗ ശ്രമത്തിനിടെ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആറു മാസങ്ങൾക്ക് ശേഷം പിടിയിൽ. വിളക്കുപ്പാറ സ്വദേശി മോഹനനെയാണ് ഏരൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
ഈ വർഷം ഫെബ്രുവരി 26-ന് വൈകിട്ടാണ് കൊല്ലം ഏരൂരിലെ വീട്ടിനുള്ളിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടന്ന അന്വേഷണത്തിൽ സംഭവം കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തി. ബലാത്സംഗത്തിനിടെ കഴുത്തു ഞെരിച്ചു കൊന്നുവെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.
കൊല്ലപ്പെട്ട വീട്ടമ്മയുടെ കഴുത്തിന് ചുറ്റുമുള്ള എല്ലുകൾക്ക് ക്ഷതമുണ്ടായിരുന്നുവെന്നും നെഞ്ചിലും വയറ്റിലും ചുണ്ടിലും മുറിവേറ്റ പാടുകളുണ്ടെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഉണ്ടായിരുന്നു.കൊലപാതകവുമായി ബന്ധപ്പെട്ട് പ്രദേശവാസികളായ നൂറിലധികം പേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. അഞ്ച് പേരെ ഡിഎൻഎ പരിശോധനക്കും വിധേയമാക്കി.
അറസ്റ്റിലായ മോഹനനെയും മൂന്നുതവണ ചോദ്യം ചെയ്തിരുന്നു. ഈ അടുത്ത കാലത്ത് മദ്യപിച്ച ശേഷം താനാണ് വത്സലയെ കൊന്നതെന്ന് മോഹനൻ ചില സുഹൃത്തുക്കളോട് തുറന്നു പറഞ്ഞു. ഇതേക്കുറിച്ച് രഹസ്യവിവരം ലഭിച്ച പൊലീസ് കഴിഞ്ഞ ദിവസം പ്രതിയെ വീണ്ടു കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തു. തുടർന്ന് മോഹനൻ കുറ്റം സമ്മതിക്കുകയായിരുന്നു. മോഹനന്റെ അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കൊലപാതകം നടന്ന വീട്ടിൽ എത്തിച്ചു തെളിവെടുപ്പ് നടത്തി.
















Discussion about this post