പെങ്ങളെ…’ഞങ്ങളെ പെങ്ങളെ കുട്ടികളെ പൊന്നു പോലെ നോക്കണേ’! വൈറലായി നിര്‍മ്മല്‍ പാലാഴിയുടെ കമന്റ്

കോഴിക്കോട്: നിപ്പ ഇരയായി അന്തരിച്ച സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷ് തിങ്കളാഴ്ചയാണ് വീണ്ടും വിവാഹിതനായത്. അധ്യാപികയായ പ്രതിഭയാണ് സജീഷിന് കൂട്ടായി എത്തിയിരിക്കുന്നത്.

വടകര ലോകനാര്‍ കാവ് ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. സജീഷിന്റെ മക്കളായ റിതുല്‍, സിദ്ധാര്‍ത്ഥും പ്രതിഭയുടെ മകളായ ദേവപ്രിയയും വിവാഹത്തിന് സാക്ഷികളായി. ലിനിയുടെ കുടുംബം ഉള്‍പ്പെടെ മൂന്നു കുടുംബങ്ങളും ചേര്‍ന്നാണ് വിവാഹം നിശ്ചയിച്ചത്. അടുത്ത ബന്ധുക്കള്‍ പങ്കെടുത്ത ചടങ്ങ് തീര്‍ത്തും ലളിതമായിരുന്നു.

സോഷ്യല്‍ മീഡിയ വളരെ ആവേശത്തോടെയാണ് ഈ വാര്‍ത്തയെ ഏറ്റെടുത്തത്. നടന്‍ നിര്‍മല്‍ പാലാഴി സജീഷ് പ്രതിഭ വിവാഹത്തിന്റെ വീഡിയോയ്ക്ക് ഇട്ട കമന്റാണ് ഇപ്പോള്‍ വൈറലാകുന്നത്.

പെങ്ങളെ…ഞങ്ങളെ (മലയാളികളുടെ) പെങ്ങളെ കുട്ടികളെ പൊന്നു പോലെ നോക്കണേ എന്നാണ് വീഡിയോക്ക് താഴെ നിര്‍മ്മല്‍ എഴുതിയത്. ഒരുപാട് പേര്‍ നിര്‍മ്മലിന്റെ കമന്റിന് ലൈക്ക് നല്‍കിയിട്ടുണ്ട്. മക്കളെ പൊന്നുപോലെ നോക്കണേ എന്നാണ് കമന്റുകള്‍ കൂടുതലും.

നേരത്തെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സജീഷ് വിവാഹകാര്യം ലോകത്തെ അറിയിച്ചത്. ഞാനും മക്കളും പുതിയ ഒരു ജീവിതത്തിലേക്ക് കാലെടുത്ത് വെയ്ക്കുകയാണെന്ന് സജീഷ് ഫേസ്ബുക്ക് കുറിപ്പില്‍ അറിയിച്ചു. റിതുലിനും സിദ്ധാര്‍ത്ഥിനും ഇനി അമ്മയും ചേച്ചിയുമായി ഇവരും കൂടെ ഉണ്ടാകും. ഇതുവരെ നിങ്ങള്‍ നല്‍കിയ എല്ലാ കരുതലും സ്‌നേഹവും കൂടെ തന്നെ വേണം.

എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനകളും ആശംസകളും ഞങ്ങളോടൊപ്പം ഉണ്ടാകണമെന്നും സജീഷ് കുറിച്ചു. ലിനി മരിക്കുമ്പോള്‍ ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന സജീഷിന് പിന്നീട് സര്‍ക്കാര്‍ ജോലി ലഭിച്ചിരുന്നു. ഇപ്പോള്‍ ആരോഗ്യവകുപ്പില്‍ ജീവനക്കാരനാണ് സജീഷ്.

നിപ മഹാമാരിക്കെതിരെ പോരാടി മരിച്ച സിസ്റ്റര്‍ ലിനി വിടവാങ്ങിയിട്ട് നാല് വര്‍ഷമായി. പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ലിനിക്ക് നിപാ ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെയാണ് വൈറസ് ബാധയേറ്റത്. അര്‍പ്പണ ബോധത്തോടെ രോഗബാധിതരെ ശുശ്രൂഷിച്ച ലിനി ആരോഗ്യ പ്രവര്‍ത്തകര്‍ക്കാകെ മാതൃകയായി മാറിയിരുന്നു.

Exit mobile version