തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന് ആരോഗ്യ കാരണങ്ങളാല്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറുന്നതിനോടൊപ്പം മന്ത്രിസഭയിലും മാറ്റങ്ങള്‍ വന്നേക്കുമെന്ന് അഭ്യൂഹങ്ങള്‍ ശക്തമാകുന്നു.
നിലവിലെ മന്ത്രിസഭയിലും മാറ്റങ്ങളുണ്ടാകും. ആരോഗ്യമന്ത്രി വീണ ജോര്‍ജ് സ്പീക്കറായേക്കും. നിലവില്‍ സ്പീക്കറായ എംബി രാജേഷ് വിദ്യാഭ്യാസ മന്ത്രിയാക്കാനാണ് നീക്കങ്ങളെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇപ്പോള്‍ വിദ്യാഭ്യാസ മന്ത്രിയായ വി ശിവന്‍കുട്ടിയെ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് നിയോഗിക്കും. സെക്രട്ടറിയായിരുന്ന ആനാവൂര്‍ നാഗപ്പന് സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് എത്തിയിരുന്നു.
മാത്രമല്ല, ഒന്നാം പിണറായി സര്‍ക്കാരിലെ ആരോഗ്യമന്ത്രിയായിരുന്ന കെകെ ശൈലജ മന്ത്രിസഭയിലേക്ക് തിരികെ എത്തിയേക്കും. വീണ ജോര്‍ജ് ഒഴിയുന്ന മന്ത്രിസ്ഥാനത്തേക്ക് ശൈലജയെ നിയോഗിക്കാനാണ് സാധ്യത.
സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് എംവി ഗോവിന്ദന് എത്തുമ്പോള്‍ നിലവിലെ മന്ത്രിസ്ഥാനം ഒഴിയും. ഈ മന്ത്രി സ്ഥാനം ആര്‍ക്ക് നല്കുമെന്നതില് നിലവില്‍ തീരുമാനമായിട്ടില്ല.
ഭരണഘടന വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ മന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്ന സജി ചെറിയാന് പകരം മന്ത്രിയെ നിയോഗിച്ചിട്ടില്ല. ആലപ്പുഴ ജില്ലയില്‍ നിന്ന് നിലവില്‍ മന്ത്രിമാരില്ല. വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരം ഉള്‍പ്പെടെ നടക്കുന്നതിനാല്‍ തീരദേശവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരു നേതാവിനെ മന്ത്രിയാക്കാനും സാധ്യതയേറെയാണ്.
Discussion about this post