പാലക്കാട്: റോഡിൽ മറിഞ്ഞു വീണ ബൈക്കിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ച ഓട്ടോ അപകടത്തിൽപ്പെട്ടു. വാഹനത്തിലുണ്ടായ 11 കുട്ടികൾക്ക് പരിക്കേറ്റു. അത്ഭുതകരമായാണ് കുട്ടികൾ അപകടത്തിൽ നിന്ന് കരകയറിയത്. എൽകെജി, ഒന്ന്, രണ്ട്, മൂന്ന് ക്ലാസുകളിലെ വിദ്യാർഥികളാണ് ഓട്ടോയിലുണ്ടായിരുന്നത് പാലക്കാട് മേലാമുറിയിലെ കരുണ മെഡിക്കൽ കോളജിനു മുന്നിൽ ഇന്നലെ ഉച്ചയ്ക്ക് 1.40ഓടെയാണ് അപകടം നടന്നത്.
വിദ്യാർഥികൾ പരീക്ഷ കഴിഞ്ഞ് ഓട്ടോയിൽ സ്കൂളിൽ നിന്നു വീടുകളിലേയ്ക്ക് മടങ്ങുകയായിരുന്നു. ബൈക്ക് യാത്രക്കാരൻ നടുറോഡിൽ ബൈക്ക് അശ്രദ്ധമായി കൈകാര്യം ചെയ്തതാണ് അപകടത്തിന് കാരണമായത്. നടുറോഡിൽ ബൈക്ക് നിർത്തി ഇറങ്ങിയ യുവാവ് ബൈക്ക് തള്ളികൊണ്ടു റോഡ് കടക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ ബൈക്ക് മറിഞ്ഞു വീണു. ഇതിൽ ഇടിക്കാതിരിക്കാൻ ഓട്ടോ വെട്ടിച്ചതോടെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
അതേസമയം, ഓട്ടോ അമിത വേഗത്തിലായിരുന്നുവെന്ന് നാട്ടുകാരും വെളിപ്പെടുത്തി. നിയന്ത്രണം വിട്ട രണ്ടു തവണയാണ് തലകീഴായി മറിഞ്ഞത്. നാട്ടുകാരുടെ സമയോചിത ഇടപെടലിലാണ് വൻ ദുരന്തം ഒഴിവായത്. തൊട്ടടുത്ത് മെഡിക്കൽ കോളജ് ഉണ്ടായിരുന്നതിനാൽ കുട്ടികൾക്ക് ഉടൻ പ്രാഥമിക ചികിത്സ ലഭ്യമാക്കാനായി.
കുട്ടികളുടെ മുഖത്തും കൈയ്യിലും കാലിലുമായി ചെറിയ പരിക്കുകളാണുള്ളത്. വാഹനം അശ്രദ്ധമായി കൈകാര്യം ചെയ്തതിനും അപകടമുണ്ടാക്കിയതിനും പിരായിരി സ്വദേശി മുഹനദിനെതിരെ (26) നോർത്ത് പൊലീസ് കേസെടുത്തു.
Discussion about this post