കണ്ണൂര്‍: തെരുവ് നായയുടെ ആക്രണത്തില്‍ നിന്നും ഭാഗ്യം കൊണ്ട് രക്ഷപ്പെട്ട് നാലാം ക്ലാസുകാരന്. കണ്ണൂര്‍ കോളയാടാണ് സംഭവം. കോളയാട് സ്വദേശി സമീറിന്റെ മകന് നാലാം ക്ലാസുകാരന് ഷാസ് ആണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.
മൂന്ന് ദിവസം മുന്‍പ് നടന്ന ഞെട്ടിക്കുന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. സ്കൂള്‍ വിട്ട് ആലസ്യത്തില്‍ നടന്നുവരികയായിരുന്നു ഷാസ്. വീട്ടിലേക്ക് അടുക്കുമ്പോഴാണ് ഒരു കൂട്ടം തെരുവ് പട്ടികള്‍ അവന് നേര്‍ക്ക് ചാടിവീണത്. പെട്ടെന്ന് ബാഗ് വലിച്ചെറിഞ്ഞ് ശരവേഗത്തില്‍ അവന് ഓടി.
തൊട്ടുപിന്നാലെ ഓടിയ പട്ടികള്‍ തൊട്ടു, തൊട്ടില്ല എന്ന നിലയില്‍ എത്തി. എന്നാല്‍ ഒരു നിമിഷം വിട്ടുകൊടുക്കാതെ ഷാസ് ഓടിക്കൊണ്ടിരുന്നു. വിടാതെ പിന്തുടര്‍ന്ന പട്ടികള്‍ ഷാസ് വീട്ടിനകത്തേക്ക് കയറിയ ശേഷമാണ് നിന്നത്. വീടിനകത്തേക്ക് കയറിയപ്പോഴും പട്ടികള്‍ അവിടെ തന്നെ നില്ക്കുന്നതും വീഡിയോയിലുണ്ട്.
ഓട്ടത്തിനിടയില്‍ ഷാസിനെ കടിക്കാനും പട്ടികള്‍ ശ്രമിക്കുന്നുണ്ട്. ഷാസിന്റെ ഓട്ടത്തിന്റെ വീഡിയോ മിന്നല്‍ മുരളിയെ അനുസ്മരിപ്പിക്കും. സിനിമാ രംഗങ്ങളിലെ എഫക്ടുകളൊന്നും ഇല്ലാതെ തന്നെ വീഡിയോയിലെ ഷാസ് ഹീറോയാണെന്ന് വീഡിയോ കണ്ടവര്‍ പറയുന്നു.
Discussion about this post